കോഴിക്കോട് രണ്ടിടങ്ങളിലായി നടത്തിയ ലഹരിനവേട്ട: രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി

കോഴിക്കോട് രണ്ടിടങ്ങളിലായി നടത്തിയ ലഹരിനവേട്ടയില്‍ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാന്‍സാഫ് ടീമും നടക്കാവ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അരക്കിണര്‍ സ്വദേശി മുനാഫിസ് (29), തൃശൂര്‍ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിന് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.
ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവില്‍ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അതുല്യ കോഴിക്കോട് ജില്ലയില്‍ എം.ഡി.എം.എ കാരിയറായി മുമ്പ് പ്രവര്‍ത്തിച്ചതായി ലഭിച്ച സൂചനയില്‍ ഡാന്‍സാഫ് ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെയും ലോഡ്ജില്‍ നിന്ന് പിടികൂടുന്നത്. ബംഗളുരുവില്‍ കഞ്ചാവുമായി പിടിയിലായതിന് ധനൂപിനെതിരെ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.
മാവൂര്‍ റോഡ് മൃഗാശുപത്രിക്ക് സമീപത്ത് നിന്നാണ് മുനാഫിസില് നിന്ന് 14.95 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എം.ടെക് വിദ്യാര്‍ത്ഥിയായ മുനാഫിസ് ലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ 700 ഗ്രാം എം.ഡി.എം.എ പിടിച്ചതിന് ബംഗളുരുവിലും ഹാഷിഷ് പിടികൂടിയതിന് ദുബായിലും ഇയാള്‍ക്കെതിരെ കേസുണ്ട്. നാലരവര്‍ഷം ദുബായിലും എട്ടുമാസം ബംഗളുരുവിലും മുനാഫിസ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























