വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:ഇളയ മകനെ തിരക്കിയ ഷെമിയോട് മകന്റെ വിയോഗ വാര്‍ത്ത ഡോക്ടര്‍മാര്‍ അറിയിച്ചു;നിസ്സഹായരായ മാതാപിതാക്കളുടെ കരച്ചില് ഐ.സിയുവില്‍ മുഴങ്ങി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഇളയ മകന് അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ഇളയ മകനെ തിരക്കിയ ഷെമിയോട് മകന്റെ വിയോഗ വാര്‍ത്ത ഡോക്ടര്‍മാരാണ് അറിയിച്ചത്. ഭാര്യയോട് മകന്റെ മരണവിവരം അറിയിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും ആ കരച്ചില് കാണാനുള്ള ശേഷി തനിക്കില്ലെന്നും ഭര്‍ത്താവ് റഹീം അറിയിച്ചതിനെ തുടര്‍ന്നാണ് സൈക്യാട്രി ഡോക്ടര്‍മാര്‍ ഷെമിയെ വിവരമറിയിച്ചത്. അതും സംഭവം നടന്ന് 11ദിവസത്തിനു ശേഷം.
മകന്റെ മരണവിവരമറിഞ്ഞ സമയം മുതല്‍ വൈകാരിക നിമിഷങ്ങളായിരുന്നു ഗോകുലം മെഡിക്കല്‍ കോളജിലെ ഐ.സിയുവില്‍ അരങ്ങേറിയത്. മരണവിവരമറിയിക്കുമ്പോള്‍ ഭര്‍ത്താവ് റഹീമും നെഞ്ചുകലങ്ങി കണ്ണീര്‍വാര്‍ത്ത് സൈക്യാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു. ഇളയ മകനെ തിരക്കിയ ഷെമിയോട് മകന്റെ വിയോഗ വാര്‍ത്ത വളരെ പതിഞ്ഞ സ്വരത്തിലാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വിവരമറിഞ്ഞതും 'എന്റെ മകന് പോയി അല്ലേ' എന്ന് നിലവിളിക്കുകയായിരുന്നു ഷെമി. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് റഹീമും സങ്കടം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു.
'മകന് ഇല്ലാതെ ഇനി താന്‍ എന്തിന് ജീവിക്കണം' എന്ന് പറഞ്ഞ് ഷെമി വിങ്ങിപ്പൊട്ടി. നിസ്സഹായരായ മാതാപിതാക്കളുടെ കരച്ചില് ഐ.സിയുവില്‍ മുഴങ്ങിയതോടെ, ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും പുറത്തുനിന്ന ബന്ധുക്കളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അഫ്സാന് എങ്ങനെയാണ് മരിച്ചതെന്നോ മറ്റു കുടുംബാംഗങ്ങളുടെ മരണങ്ങളോ ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ല. മറ്റ് മരണങ്ങള് വരുംദിവസങ്ങളില്‍ അറിയിക്കും. സംഭവിച്ച മുഴുവന്‍ കാര്യങ്ങളും ഒരുദിവസം കൊണ്ട് അറിഞ്ഞാല്‍ അത് ഷെമിക്ക് താങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് മകന്റെ മരണവിവരം മാത്രം ആദ്യം അറിയിച്ചത്.
മകന്റെ മരണവിവരം അറിഞ്ഞശേഷം ഷെമിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. ഭര്‍ത്താവ് റഹീമാണ് ഷെമിക്ക് കൂട്ടായി കഴിഞ്ഞദിവസം മുതല്‍ ആശുപത്രിയിലുള്ളത്. അതേസമയം, പ്രതി അഫാന്റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനല്‍ തയാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസിക പരിശോധനകള്‍ നടത്തുക. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























