വെഞ്ഞാറമൂട് കൂട്ടക്കൊലകേസ്; പ്രതി അഫാന്റെ വക്കീല്‍ കേസ് ഒഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റും ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ കെ.ഉവൈസ് ഖാന് ആണ് വക്കാലത്ത് ഒഴിഞ്ഞത്. ഉവൈസ് ഖാന് കേസ് ഏറ്റെടുത്തത് കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന പരാതി കെപിസിസി പ്രസിഡന്റിന് ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്.
അതേസമയം പ്രതി അഫാന് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ രാവിലെ കുഴഞ്ഞുവീണു. അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ ആറരയോടെ പാങ്ങോട് സ്റ്റേഷനിലാണ് സംഭവം. രാത്രി ഉറങ്ങാതെ ഇരിക്കുന്നതിനാല്‍ തലകറക്കമുണ്ടായതാകാമെന്ന് പൊലീസ് പറയുന്നു. അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. കൊല്ലപ്പെട്ട മുത്തശ്ശി സല്‍മാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാന് ആവര്‍ത്തിച്ചിരുന്നു. സല്‍മാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്കാന് ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാന് വെളിപ്പെടുത്തിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ ഇന്നലെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതാണ്. ഇയാള്‍ ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. അതിനാല്‍ അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു.
ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അഫാന് ജയിലുദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെണ്‍സുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവര്‍ക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാന് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാന് ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha

























