പെൺകുട്ടികളുടേത് സാഹസിക യാത്ര; യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷണം...

താനൂരിൽ നിന്ന് മുംബയിലേയ്ക്ക് പോയ പ്ലസ്ടൂ വിദ്യാർത്ഥിനികളുടേത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‍പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും.പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‍പി പറഞ്ഞു. 'കുട്ടികളുടെ യാത്ര ലക്ഷ്യമെന്തായിരുന്നു, എങ്ങോട്ടായിരുന്നു എന്നൊക്കെ അവര്‍ വന്നിട്ടു തന്നെ ചോദിച്ചു മനസിലാക്കണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കണം. പിന്നീട് വിശദ മൊഴി എടുക്കണം.കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണം'. അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വിദ്യാർത്ഥിനികളുടെ വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപായി ഇരുവരുടേയും ഫോണിൽ ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്.
രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളും സുരക്ഷിതാരാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു. മകളുമായി വീഡിയോകാൾ വഴി വിളിച്ചു സംസാരിച്ചെന്നും, കുട്ടികൾ സുരക്ഷതിരാണെന്നും താനൂരിൽ നിന്ന് കാണാതായ കുട്ടിയുടെ പിതാവ് പറഞ്ഞു. മക്കൾ ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, മകളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
മകളെ കണ്ടെത്താൻ ആയതിൽ സന്തോഷവും ആശ്വാസവുമുണ്ട്. പരാതി കിട്ടിയ ഉടൻ കൂടെ നിന്ന പൊലീസിനും നാട്ടുകാർക്കും മാധ്യമങ്ങൾക്കും നന്ദി. ധൈര്യമായി മടങ്ങിയെത്താൻ കുട്ടിയോട് പറഞ്ഞിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളിൽ കുട്ടി വലിയ സങ്കടത്തിലാണ്. മകൾ തിരികെയെത്താൻ കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.
മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. എന്തായാലും കുട്ടികളെ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. കുട്ടികൾ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. മുംബൈയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ കുട്ടികളെ വീട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ രണ്ട് പെൺകുട്ടികളും എത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ്. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു. മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ട്രീറ്റ്‌മെന്റ് നടക്കുമ്പോൾ തന്നെ സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്നു ജീവനക്കാർ വിശദീകരിച്ചു. ഇതിനിടെ പെൺകുട്ടികളെ ആൺസുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു.
പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർഥിനികൾ വേഗം സ്ഥലം കാലിയാക്കി. വിദ്യാർഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാർ അറിയുന്നത്.
വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞെന്നും യുവാവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
പരീക്ഷയ്‌ക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്താതിരുന്നതോടെ അധ്യാപകര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തിരിച്ചെത്താനുള്ള പൈസ മാത്രം മതിയെന്ന് പറഞ്ഞ് ആകെ അഞ്ച് രൂപ മാത്രമാണ് പഴ്‌സില്‍ നിന്ന് എടുത്തതെന്നും പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പ്രതികരിച്ചിരുന്നു. എന്നാൽ സലൂണിലെത്തിയപ്പോൾ ഇവരുടെ കൈവശം പണം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറഞ്ഞത്.
https://www.facebook.com/Malayalivartha

























