വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് : പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സല്‍മാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടന്ന ഫെബ്രുവരി 24ന് ശേഷം ആദ്യമായാണ് അഫാനെ ക്രൂരകൃത്യങ്ങള്‍ നടന്ന വീടുകളില്‍ എത്തിച്ചത്. പാങ്ങോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത സല്‍മാ ബീവിയുടെ കൊലക്കേസിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്. അഫാനെ കൊണ്ടുവരുന്നതറിഞ്ഞ് ഒട്ടേറെ പ്രദേശവാസികള്‍ പാങ്ങോട്ടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.
സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച അഫാനോട് തെളിവെടുപ്പിനിടെ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് അഫാന് പൊലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങള്‍ വിശദീകരിച്ചത്. മാല ആവശ്യപ്പെട്ടുവെങ്കിലും മുത്തശ്ശിയായ സല്‍മാബീവി അഫാന് നല്‍കിയിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം അഫാന് നല്കിയ മൊഴി. തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ എത്തിയ അഫാന് മാല പണയം വച്ച ശേഷം തനിക്കുണ്ടായിരുന്ന ചില കടങ്ങള്‍ വീട്ടുകയും ചെയ്തിരുന്നു.
പാങ്ങോട്ടെ തെളിവെടുപ്പിനു ശേഷം കൊലപാതകം നടന്ന വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണ് സഹോദരന് അഫ്സാനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതും മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും. പേരുമലയില്‍ അഫാനെ എത്തിക്കുന്നുണ്ടെന്നറിഞ്ഞ് നിരവധി പേര് ഇവിടെയും തടിച്ചുകൂടിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ്.
https://www.facebook.com/Malayalivartha
























