പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല; പാര്‍ട്ടി സമ്മേളനത്തില്‍ എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനം

പാര്‍ട്ടി സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലായിരുന്നു വിമര്‍ശനം മുഴുവനും. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന എല്ലാ വിവാദങ്ങളും ചര്‍ച്ചയില്‍ സൂക്ഷ്മമായി പരിശോധിച്ചു. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്നത് അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ എംവി ഗോവിന്ദനും ജാഗ്രത കാണിക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്വം വരെ പ്രതിനിധികള്‍ വിമര്‍ശിക്കുകയുണ്ടായി. വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയും മറുപടി നല്‍കിയിരുന്നു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേല്‍ക്കൈയാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണമന്വേഷിച്ചപ്പോള്‍ തിരുത്താന്‍ ഏറെയുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha
























