താനൂരില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; പെണ്‍കുട്ടികളെ സഹായിച്ച റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

താനൂരില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുമായി പൊലീസ് തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഗരീബ്രഥ് എക്സ്പ്രസില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. പിന്നീട് കൗണ്‍സിലിംഗിന് ശേഷമായിരിക്കും വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുക.
നേരത്തെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുംബയില്‍ നിന്നും മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാള്‍. വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റഹീം ഒപ്പം പോയതെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
മുംബയ്-ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനില്‍ നിന്നാണ് ആര്‍പിഎഫ് സംഘം ഇന്നലെ പുലര്‍ച്ചെ കുട്ടികളെ കണ്ടെത്തിയത്. പൂനെയിലെ ജുവനൈല്‍ ബോര്‍ഡിന്റെ കെയര്‍ ഹോമിലേക്ക് മാറ്റിയ കുട്ടികളെ താനൂര്‍ പൊലീസിന് കൈമാറി.
വ്യാഴാഴ്ച രാത്രി ഒമ്പതിന് മൊബൈല്‍ ഫോണില്‍ പുതിയ സിം ഇട്ടതോടെയാണ് പൊലീസിന് ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. മുംബയ് സി.എസ്.ടി റെയില്‍വേ സ്റ്റേഷന് പരിസരത്താണ് ലൊക്കേഷനെന്ന് മനസിലാക്കിയ പൊലീസ് മുംബയിലെ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ തെരച്ചില്‍ നടത്തി. പുലര്‍ച്ചെ 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വേ പൊലീസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























