തര്‍ക്കത്തിനിടെ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ 3 പേര് അറസ്റ്റില്‍

യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്വകാര്യബസ് ജീവനക്കാരന്റെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. ഓട്ടോഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് (49) മരിച്ച സംഭവത്തിലാണ് മലപ്പുറം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പഴമള്ളൂര്‍ മുണ്ടക്കോട് വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (28), ഇരുമ്പുഴി വടക്കുമുറി തോട്ടത്തില്‍ സുജീഷ് (36), ആനക്കയം പുള്ളിലങ്ങാടി കോന്തേരി വീട്ടില്‍ സിജു (37) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തിയിരുന്നു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മലപ്പുറം കോഡൂരില്‍ വച്ചാണ് സ്വകാര്യബസ് ജീവനക്കാരന്റെ മര്‍ദനത്തിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. മര്‍ദനമേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയിലെത്തി ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് അബ്ദുല്‍ ലത്തീഫിനെ മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍നിന്നു ഓട്ടോയില്‍ ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയില്‍നിന്നു അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കിയായിരുന്നു മര്‍ദനം.
https://www.facebook.com/Malayalivartha
























