സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസ്... മോഷണക്കേസ് സ്വന്തമായി വാദിക്കും പ്രതി വക്കീല്‍ സജീവിന് 7 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ

ഗവ: സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ പൂജപ്പുര മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസില്‍
മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന പ്രതി വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന സജീവിന് 7 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴത്തുക നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നല്‍കണമെന്നും തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു. അതേ സമയം പ്രതിയുടെ മുന്‍ ശിക്ഷാ വിവരങ്ങള്‍ ഹാജരാക്കാത്ത പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്രതിയുടെ മുന്‍ ശിക്ഷാ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാല്‍ , 2024 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 13 പ്രകാരം , 3 വര്‍ഷത്തിന് മേല്‍ തടവിനു ശിക്ഷിക്കുന്ന ഗൗരവമേറിയ കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിച്ച്
ഉയര്‍ന്ന ശിക്ഷയായ ജീവപര്യന്തം തടവോ 10 വര്‍ഷം കഠിന തടവോ ശിക്ഷയായി നല്‍കാനാവില്ലെന്ന് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി.
സ്ഥിരം മോഷ്ടാവും സ്വന്തം മോഷണക്കേസുകള്‍ സ്വയം വാദിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന പാലക്കാട് ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണ വിലാസത്തില്‍ സജീവനെ (68) പൂജപ്പുര പൊലീസ് 2024 ആഗസ്റ്റ് 7 നാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 19 ന് പകല്‍ മേലാറന്നൂരിലുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. സി.സി.ടി.വി ക്യാമറ ദൃശ്യമാണ് സജീവനെ കുടുക്കിയത്. 35 വര്‍ഷമായി മോഷണം നടത്തുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് . വക്കീല്‍ ക്‌ളര്‍ക്കായിരുന്ന സജീവ് തുടക്കത്തില്‍ വക്കീല്‍ ഓഫീസുകളാണ് ലക്ഷ്യമിട്ടിരുന്നത്. ജോലി ദിവസങ്ങളില്‍ ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിയ്ക്കുകയും അവധി ദിവസങ്ങളില്‍ ഓഫീസുകള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ മോഷണ രീതി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 12 ഓളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ 2024 ജൂലൈ 5 നാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകമാണ് പുതിയ മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്.
കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 18 പവന്‍ മോഷ്ടിച്ച കേസില്‍ 2018 ല്‍ ഇയാളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് വിവിധ ഓഫീസുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കോട്ടയം മെഡിക്കല്‍ കോളേജ്, കര്‍ണാടകയിലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലും മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
https://www.facebook.com/Malayalivartha
























