കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്ന് നിരീക്ഷണത്തില്‍...

കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്ന് നിരീക്ഷണത്തില്‍ . ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് നിരീക്ഷണ സംഘം. മയക്കുവെടി നല്കി ചികിത്സ നല്‍കാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സിസിഎഫിന് വാഴച്ചാല്‍ ഡിഎഫ്ഒ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
അനുമതി ലഭിക്കുന്ന മുറക്ക് മയക്കുവെടി നല്കി ചികിത്സ നല്‍കാനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലേക്കാണ് വനംവകുപ്പെത്തിയിരിക്കുന്നത്. ശനിയാഴ്ച ഡോ. റെജിന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
ഏഴാറ്റുമഖം ഭാഗത്താണ് സംഘം നിരീക്ഷണം നടത്തിയത്. എന്നാല്‍ അതിരപ്പിള്ളി ഭാഗത്ത് വൈകുന്നേരത്തോടെ ആനയെ കണ്ടു. കാര്യമായ ആരോഗ്യപ്രശ്നം ആനക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തലുള്ളത്. അടിയന്തിര ചികിത്സ നല്കുന്നില്ലെങ്കിലും ആനയെ വരും ദിവസങ്ങളിലും നിരീക്ഷിക്കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























