അമിതവണ്ണമുള്ളയാളെ എന്തിന് കൊള്ളാം... പരിഹസിച്ചവര്‍ക്ക് തക്ക സമയത്ത് മറുപടി നല്‍കി രോഹിത് ശര്‍മ; അവസാനം അഭിനന്ദന പ്രവാഹം

ഒടുവില്‍ രോഹിത് ശര്‍മ്മയേയും ടീമിനെയും അഭിനന്ദിച്ച് എല്ലാവരും രംഗത്തെത്തി. രോഹിതിനെ കളിയാക്കി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വരെ രംഗത്തെത്തിയിരുന്നു. രോഹിത് തടിയനെന്നും മോശം ക്യാപ്റ്റനെന്നും ഷമ നേരത്തെ എക്‌സില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശര്‍മ്മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്‌ക്കേണ്ടതുണ്ടതെന്നും ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനെന്നും രോഹിതിനെക്കുറിച്ച് ഷമ പറഞ്ഞിരുന്നു. അതെല്ലാം തിരുത്തേണ്ടി വന്നു.
തനിക്ക് നേരെ ഉയര്‍ന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്തത്ര അനായാസതയോടെ അതിര്‍ത്തികടത്തുന്നൊരു വൈഭവമുണ്ടയാള്‍ക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയര്‍ന്നു പൊന്തിയാല്‍ അയാള്‍ അതിര്‍ത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാള്‍ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയര്‍ന്നുവന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നില്‍ക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം. ഷോട്ട്ബോള്‍ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിര്‍ത്തികടത്തിയിട്ടുണ്ട് ആ പയ്യന്‍. ഇന്ന് അയാള്‍ ഇന്ത്യയ്ക്ക് ലോകകിരീടവും ചാമ്പ്യന്‍സ് ട്രോഫിയും സമ്മാനിച്ച നായകനാണ്. ഒരു ഏകദിന ടൂര്‍ണമെന്റ് കിരീടത്തിനായുള്ള ഇന്ത്യയുടെ 12-വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന നായകന്‍മാരുടെ പട്ടികയിലേക്ക് രോഹിത് ശര്‍മയുടെ പേരും ആലേഖനം ചെയ്യപ്പെടുന്നു.
വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലൂടെയാണ് രോഹിത് ശര്‍മ ആ പതിനൊന്ന് പേരെയും കൂട്ടി ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തിയത്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം കനത്ത വിമര്‍ശനമാണ് രോഹിത് ഏറ്റുവാങ്ങിയത്. ടീമിന്റെ നായകസ്ഥാനത്തെ സംബന്ധിച്ച് പരിശീലകന്‍ ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തിയിരുന്നു. ഭാവി പദ്ധതി വെളിപ്പെടുത്തണമെന്ന് രോഹിത്തിനെ അറിയിക്കുകയും ചെയ്തു. ടീമില്‍ നിന്ന് വിരമിക്കണോ എന്നത് താരത്തിന്റെ മാത്രം തീരുമാനമാണെങ്കിലും ഒരു സ്ഥിരം നായകന്‍ ആവശ്യമാണെന്ന കാര്യം രോഹിത്തിനോട് സൂചിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിനിര്‍ണായകമായിരുന്നു രോഹിത്തിന് ഈ ടൂര്‍ണമെന്റ്.
അതിനിടെ രോഹിത് ശര്‍മക്കെതിരേ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് വിവാദപരാമര്‍ശം നടത്തിയതും ചര്‍ച്ചയായി. പിന്നാലെ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. ഷമ മുഹമ്മദിനെ പിന്തുണച്ചും എതിര്‍ത്തും പലരും കമന്റുമായി എത്തി. ഷമയുടെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. ഷമയോട് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തുറന്നടിച്ചു.
പക്ഷേ അപ്പോഴേക്കും അയാള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം കുറിച്ചിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ സ്വന്തം ടീമിനെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. രോഹിത്തിനു കീഴില്‍ ഇന്ത്യ 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും 2023 ഏകദിന ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഫൈനല്‍ കളിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയതോടെയാണ് രോഹിത് അപൂര്‍വ റെക്കോഡിന് ഉടമയായത്.
പിന്നാലെ ഫൈനലുമെത്തി. എല്ലാ വിമര്‍ശനങ്ങള്‍ക്കും ഫൈനലിലെ ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് രോഹിത് മറുപടി നല്‍കി. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതല്‍ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകള്‍ നേരിട്ട് 76 റണ്‍സ് നേടി. ഒടുക്കം മത്സരത്തിലെ താരവും രോഹിത് തന്നെ. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു.
2007-ല്‍ ടി20 ലോകകപ്പിന്റെ പ്രഥമ ടൂര്‍ണമെന്റില്‍ തന്നെ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകന്റെ പേര് മഹേന്ദ്ര സിങ് ധോനി എന്നാണ്. 2011-ല്‍ ഏകദിന ലോകകപ്പും ധോനിയ്ക്ക് കീഴില്‍ നേടി.1983-ല്‍ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോള്‍ കപില്‍ ദേവാണ് നായകന്‍. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരന്‍ അവരോധിക്കപ്പെട്ടതുമുതലാണ് ഇന്ത്യ പുതുചരിത്രമെഴുതാന്‍ തുടങ്ങുന്നത്. 2007-ല്‍ ടി20 യിലും 2011-ല്‍ ഏകദിന ഫോര്‍മാറ്റിലും ഇന്ത്യ വിശ്വവിജയികളായി. 2013-ല്‍ ധോനിയും സംഘവും ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു.
രോഹിത് മുന്നില്‍ നിന്ന് നയിച്ചിറങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിലെത്തുന്നത്. കിരീടം നേടുമെന്ന് ആരാധകര്‍ ഉറപ്പിച്ചെങ്കിലും 2003-ഏകദിന ലോകകപ്പിന്റെ ആവര്‍ത്തനമെന്നപോലെ ഓസീസിനോട് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. ആ തോല്‍വി ഏല്‍പ്പിച്ച ആഘാത്തില്‍ നിന്ന് അയാള്‍ എപ്പോഴാണ് മുക്തമായതെന്ന് നിശ്ചയമില്ല. ട്വന്റി 20 ലോകകപ്പിന് ശേഷം ഒരു ഏകദിന ടൂര്‍ണമെന്റ് കൂടി ഇന്ത്യയിലെത്തിക്കാനുള്ള ഒരു നിയോഗമുണ്ടായിരുന്നു രോഹിത്തിന്. എതിരാളികളായി വന്ന പാകിസ്താനെയും ഓസീസിനെയുമടക്കം കണക്കുകള്‍ ഓരോന്നായി തീര്‍ത്തുള്ള മുന്നേറ്റം. ഒടുക്കം ഫൈനലില്‍ കിവീസും. നായകന്‍ തന്നെ നയിച്ചിറങ്ങിയ കലാശപ്പോരില്‍ കിവികള്‍ വീണു. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. കപിലിനും ഗാംഗുലിക്കും ധോനിയ്ക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ രോഹിത് ഗുരുനാഥ് ശര്‍മയുടെ പേരും തങ്കലിപികളാല്‍ കൊത്തിവെക്കപ്പെടുന്നു. ഇനി അയാള്‍ക്ക് ഹൃദയഭാരമേതുമില്ലാതെ മടങ്ങാം.
"
https://www.facebook.com/Malayalivartha
























