ഭക്തിസാന്ദ്രമായി അനന്തപുരി: പൊങ്കാല അടുപ്പുകളില്‍ സ്വര്‍ണത്തിളക്കം തീര്‍ത്ത് ഭക്തര്‍: രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു: ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാര്‍ഥനകളോടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് അടുപ്പില്‍ തീ പകര്‍ന്നു ഭക്തര്‍. രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ദേവീചൈതന്യം അഗ്‌നിനാളമായി നാടാകെ നിറഞ്ഞു. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നു.
അകലങ്ങളില്‍ നിന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ പതിനായിരങ്ങള്‍ക്ക് അകലമില്ലാത്ത മനസുമായി തലസ്ഥാനം ആതിഥ്യമരുളുകയാണ്. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം. 300ലേറെ ശാന്തിക്കാര്‍ തീര്‍ത്ഥം തളിക്കാന്‍ അണിനിരക്കും. നിവേദ്യ സമയത്ത് സെസ്‌ന വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും.
ദിവസങ്ങള്‍ക്കുമുമ്പുതന്നെ ആറ്റുകാലും പരിസരങ്ങളും ഭക്തജന നിബിഡമായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലേക്കുവരെ പൊങ്കാല അടുപ്പുകള്‍ നിരന്നു. കത്തുന്ന കുംഭച്ചൂടിനെ അവഗണിച്ചാണ് ഭക്തര്‍ പൊങ്കാലര്‍പ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാര്‍ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളും കൈയടക്കി. തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തിയിട്ടുണ്ട്. ഒപ്പം വിദേശികളും.നഗരത്തിലെ പ്രധാന റോഡുകള്‍ക്കൊപ്പം ഇടറോഡുകളും വീട്ടുമുറ്റങ്ങളും പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha