പൊങ്കാല പുണ്യം തേടി ആയിരങ്ങൾ ..ഭക്തിപുരസ്സരം വരവേറ്റി തലസ്ഥാന നഗരം; ആറ്റുകാൽ പൊങ്കാലയുടെ ചരിത്രത്തിന് ഏകദേശം 2000 വർഷങ്ങൾ പഴക്കം.. ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന്നി രവധി സ്ത്രീകള്‍ എത്തി

സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. ആറ്റുകാൽ പൊങ്കാലയുടെ ചരിത്രത്തിന് തന്നെ ഏകദേശം 2000 വർഷങ്ങൾ പഴക്കമുണ്ട് . ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമായ പൊങ്കാല മഹോത്സവത്തെ ഒരിക്കൽ കൂടി ഭക്തിപുരസ്സരം വരവേട്ടിരിക്കുകയാണ് തലസ്ഥാന നഗരം. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും.
മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു...
ശരീരത്തില്‍ കുങ്കുമമണിഞ്ഞ് നെറ്റിയില്‍ കസ്തൂരി തിലകം ചാര്‍ത്തി മന്ദഹാസത്തോടെ ആയുധപാണിയായും ചുവന്നപട്ടുധരിച്ചും ആഭരണാദികളണിഞ്ഞും ഭക്തരെ സ്വീകരിച്ച് അവരുടെ പെറ്റമ്മയും പോറ്റമ്മയായും മാറുന്ന ദേവിയെ ഒരു നോക്ക് കാണുവാനും താലപ്പൊലി അര്‍പ്പിക്കാനും സ്ത്രീ ജനലക്ഷങ്ങള്‍ അണിനിരക്കുന്നു. എവിടെയും ആറ്റുകാലമ്മേ എന്ന ശരണം വിളി മാത്രം.... ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറഞ്ഞിരിക്കയാണ്
ജംഗദംബയ്‌ക്ക് ഭക്തിയോടെ അര്‍പ്പിക്കുന്ന യാഗപൊങ്കാല വര്‍ണ്ണനാതീതമാണ്. ഒരു പ്രദേശം മുഴുവന്‍ യാഗശാലയായി മാറുന്നു. ഹൈവേകളും വലിയ റോഡുകളും ബസ്റ്റാന്റുകളും ചെറിയ ചെറിയ വഴികളും യാഗശാലയായി മാറുന്നു, എവിടെയും ജനങ്ങളെ കൊണ്ടു നിറയും കച്ചവടക്കാരും, സ്ത്രീകളുടെയും, കുട്ടികളുടെയും പ്രവാഹം നിമിത്തം കാല്‍ നടയ്‌ക്കു പോലും ഉണ്ടാകുന്ന ബുദ്ധിമുട്ട് ആരും പരിഗണിക്കില്ല. പൊങ്കാലയില്‍ ദേവി സംപ്രീതയായി ഭക്തരുടെ സകല ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്ന ആദിപരാശക്തിയായി ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.
തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. 'പൊങ്ങുക' എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രകാരന്‍മാര്‍ പറയുന്നു. ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു.
മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു.
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.
ആറ്റുകാല്‍ പൊങ്കാല ഉത്സവനാളിലെ ഒമ്പതാമത്തെ ദിവസത്തിലാണ്. മേല്‍ശാന്തി ആദ്യം ക്ഷേത്രത്തിനകത്ത് നിവേദ്യം തയ്യാറാക്കുന്ന, കൊച്ചു തിടപ്പള്ളിയിലേയും പിന്നീട് വലിയതിടപ്പള്ളിയിലേയ്‌ക്കും അടുപ്പുകളില്‍ ദീപം പകരുന്നു. അതിനുശേഷം ക്ഷേത്രത്തിനകത്തു വന്ന് ദീപം സഹ മേല്‍ശാന്തിക്കു കൈമാറുന്നു. സഹമേല്‍ശാന്തി പാട്ടു പുരയുടെ മുന്നിലൊരുക്കിയിരിക്കുന്ന പണ്ടാര അടുപ്പില്‍ ദീപം പകരുന്നു.
അപ്പോള്‍ വായ്‌ക്കുരവയും ചെണ്ടമേളങ്ങളും കതിനാവെടിയും മുഴങ്ങുന്നു. അതോടെ ക്ഷേത്ര പരിസരത്തുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അടുപ്പുകളില്‍ തീ പകരുന്നു. നിശ്ചിത സമയത്ത് കൊച്ചുതിടപ്പള്ളിയിലേയും വലിയതിടപള്ളിയിലേയും വഴിപാടുകള്‍ നിവേദിച്ചശേഷം പാട്ടുപുരയ്‌ക്ക് മുമ്പിലുള്ള പണ്ടാരക്കലത്തിലെ പൊങ്കാല നിവേദിക്കും.പിന്നീട് ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലീസ് വാഹനങ്ങളുടെസഹായത്തോടെ പോറ്റിമാരെ എത്തിച്ച് പൊങ്കാല നിവേദിക്കുന്നു.
കലത്തിലാണ് പൊങ്കാല ഇടുന്നത് . മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം.
അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.
വ്യാഴാഴ്ച രാവിലെ 10.15-ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാലനിവേദ്യം. വൈകീട്ട് 7.45-ന് കുത്തിയോട്ടനേർച്ചക്കാർക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും.
രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി ഒന്നിനു നടക്കുന്ന കുരുതിസമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ആറ്റുകാലില്‍ ചിരകാലമായി പാടിവരുന്ന തോറ്റംപാട്ടുകളിൽ നിന്നും അമ്മയുടെ ചിരന്തനസത്യം നമുക്ക് മനസ്സിലാക്കാം .മലയാളഭാഷ രൂപം കൊളളുന്നതിനും എത്രയോ മുമ്പ് വായ്ത്താരിയായി ഉറവെടുത്ത തോറ്റംപാട്ടിന് സംഘകാലത്തോളമോ അതിലുമധികമോ പഴക്കമുണ്ടെന്നുള്ളതാണ് സത്യം . മലയാളത്തിലോ തമിഴിലോ അല്ല മലയാം തമിഴെന്നോ മലയാഴ്മയെന്നോ പറയാവുന്ന മിശ്രരൂപത്തില്‍ പാടിവന്ന തോറ്റം പാട്ടുകളിലാണ് ആറ്റുകാല്‍ ദേവിയുടെ ഉല്പത്തി കഥ ഉറങ്ങിക്കിടക്കുന്നത്.
ഇത്രയും കാലം പാടിവന്നിട്ടും കേട്ട് കേട്ട് ചെവിയിൽ അലയടിച്ചിട്ടും ആ കഥകള്‍ മനസ്സിലാക്കാൻ വരികളൊന്നു ശ്രദ്ധിക്കാൻ വരികൾക്കിടയിലെ അർഥം തിരഞ്ഞുനോക്കാന്‍ ആരും മിനക്കെട്ടില്ല. അതുകൊണ്ടുതന്നെ ആറ്റുകാലമ്മയെ ഇളങ്കോ അടിയുടെ ചിലപ്പതികാരമെന്ന നോവലിലെ കഥാപാത്രമായ കണ്ണകിയായി മനസ്സിലാക്കിയവരാണ് അധികവും
തോറ്റം പാട്ടിലെ കഥയനുസരിച്ച് സാക്ഷാല്‍ പരമേശ്വരന്റെ മകള്‍ കന്യ യാണ് ഭദ്രകാളീ ഭാവത്തില്‍ അവിടെ കുടിയിരുന്നത്. പതിനൊന്നാം വയസ്സില്‍ വിവാഹിതയായെങ്കിലും , തുടര്‍ന്ന് നിത്യകന്യകയായി ജീവിക്കേണ്ടിവന്ന ദേവിയുടെയും താന്‍ വരനായി മനസാ സ്വീകരിച്ച ബാലകന്റെയും ചരിതമാണ് തോറ്റം പാട്ടുകാര്‍ പാടിവന്നത്.
ചിലങ്ക വില്‍ക്കാന്‍ മധുരയിലേക്ക് പോയതും മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച പാണ്ഡ്യരാജാവ് ബാലകനെ വധിക്കുന്നതും, ഇതറിഞ്ഞു ദു:ഖാകുലയും ക്രോധാവിഷ്ടയുമായ കന്യ തന്റെ കാല്‍ച്ചിലങ്ക എറിഞ്ഞു മധുരാനഗരിയെ എരിച്ചു ചാമ്പലാക്കുന്നതും എല്ലാം തോറ്റംപാട്ടിലും വരുന്നു. ഈ കഥ ചിലപ്പതികാരത്തിനും മുൻപ് ഇവിടെ ക്ഷേത്രങ്ങളിൽ പാടിയിരുന്നു എന്ന് സാരം .. അങ്ങനെയെങ്കിൽ ഇളങ്കോവടികള്‍ ചിലപ്പതികാരത്തില്‍ അവതരിപ്പിച്ച കണ്ണകീ - കോവലന്‍ ചരിതം അതിനും മുന്നേ നിലനിന്നിരുന്ന തോറ്റംപാട്ടിലെ കഥ ഭേദഗതിയോടെ വിളക്കിച്ചേർത്തതാകാം എന്നൊരു സാധ്യതയും നിലനില്‍ക്കുന്നു.
ആദ്യകാലത്ത് ഗുരുതി തര്‍പ്പണവും മൃഗബലിയും ഉണ്ടായിരുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പില്‍കാലത്ത് അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ പ്പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഇടപെടല്‍ മൂലം മൃഗബലി എന്നേക്കുമായി നിര്‍ത്തി . മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് തോറ്റംപാട്ട് പാടി വന്നത്, പില്‍ക്കാലം മറ്റു സമുദായക്കാരും പാടാന്‍ തുടങ്ങി.കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ് പൊങ്കാലയ്ക്ക് മുമ്പായി പാടിത്തീര്‍ക്കുന്നത്
ദേവിയെ വരിക്ക പ്പ്ലാവില്‍ കൊത്തിയെടുത്ത ദാരുശില്പമായാണ് കുടിയിരുത്തിയത്. തിരുവിതാംകൂറിലെ മഹാരാജ സ്വാതി തിരുനാളിന്റെ ആസ്ഥാന ജ്യോതിഷി കൂടിയായിരുന്ന ശ്രീ ശങ്കരനാഥജ്യോത്സ്യരാണ് ( 1790- 1858) ദേവിയുടെ മുടിപ്പുരയെ ഇന്ന് കാണുന്ന മാതൃകയുടെ പൂര്‍വ രൂപത്തിലേക്ക് കൊണ്ടുവരുന്നത്. ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം യോഗവാസിഷ്ടം ഭാഷ്യവും ദേവീ ഭാഗവതം പരിഭാഷയും നിര്‍വഹിച്ചിട്ടുള്ള ഒരു മഹദ് വ്യക്തിയായിരുന്നു. ശങ്കരനാഥജ്യോത്സ്യര്‍ എന്ന ഈ മഹാപുരുഷനാണ് ബ്രാഹ്മണവിധി അനുസരിച്ചുള്ള പൂജാസമ്പ്രദായം ആറ്റുകാലില്‍ ആവിഷ്കരിച്ചത്.
ആറ്റുകാല്‍ സ്വദേശി ദിവാന്‍ ബഹാദുര്‍ ജഡ്ജി ഗോവിന്ദപിള്ള എന്നാ മഹാമനുഷ്യനാണ് നൂറ്റമ്പതു വര്‍ഷം മുന്‍പ് ആറ്റുകാലിലെ ദാരു പ്രതിഷ്ഠക്ക് പുതുക്കിപ്പണിത മുഖരൂപം പകര്‍ന്നത്. പ്രശസ്ത ഗായിക കെ എസ്.ചിത്രയുടെ മുതുമുത്തച്ഛന്‍ ആയിരുന്ന ജഡ്ജി ഗോവിന്ദപിള്ളയുടെ സേവനം ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടെണ്ടതാണെന്ന് ലക്ഷ്മി രാജീവ് രേഖപ്പെടുത്തുന്നു.
അതുപോലെ ഏറെക്കാലം പൂജാരിയായി ആറ്റുകാല്‍ നിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വിഷ്ണു തീര്ഥന്‍പോറ്റിയും. ചട്ടമ്പി സ്വാമികളും ശിഷ്യന്‍ അഭേദാനന്ദ സ്വാമിയും അങ്ങനെ എത്രയോ മഹാരഥന്മാര്‍ ഇന്നത്തെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, ഈ ക്ഷേത്രവും പരിസരവും സന്ദർശിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ വിലങ്ങിച്ചേരൽ ആണ് . ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി, രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന് അകത്ത് വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക് മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന് മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട് ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട് വിഗ്രഹങ്ങളുണ്ട്- മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
മൂലവിഗ്രഹത്തിന് ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന് അകത്തായി വടക്ക് കിഴക്ക് പരമശിവനേയും തെക്ക് പടിഞ്ഞാറ് ഗണപതിയും, മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്.
ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു. കാലങ്ങളായി കേട്ടു പതിഞ്ഞ കഥകളോ ചരിത്രമോ അവരെ തെല്ലും ബാധിക്കുന്നില്ല.പില്‍ക്കാലം ഒരു കണ്ണകിയമ്മന്‍ കോവില്‍ പോലെ ദ്രാവിഡ മാതൃകയില്‍ ക്ഷേത്ര മുഖപ്പുകളും സ്ഥാപാത്യ ശൈലിയും പ്രാകാര വിധാനവും മുഴുമിപ്പിക്കാന്‍ കാരണമായത് ചിലപ്പതികാരകഥയുടെ സ്വാധീനമാവാം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പൊതുവേ തുറന്ന കാവുകളും കളരികളുമാണ്.
https://www.facebook.com/Malayalivartha