പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു; മകന് സഹിക്കാനായില്ല: അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് അഫാന്റെ മാതാവ്...

അവസാനഘട്ട തെളിവെടുപ്പിന് പിന്നാലെ അഫാനെതിരെ ആദ്യമായി മൊഴി നല്‍കി മാതാവ് ഷെമീന. അഫാന്‍ ആക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നതായും ഷെമീന കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് മൊഴി നല്‍കി. അക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. തിരികെ വീട്ടിലെത്തിയ മകന്‍ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുവരില്‍ തലയ്ക്ക് അടിച്ചു. ഇതോടെ ബോധം നഷ്ടമായി. ബോധം വന്നപ്പോള്‍ അഫാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ യൂട്യൂബില്‍ ഇളയമകനെക്കൊണ്ട് പലതും സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീന പൊലീസിനോട് പറഞ്ഞു.
ആശുപത്രി വിട്ട ഷെമീന ഭര്‍ത്താവ് റഹീമിനൊപ്പം അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അഫാനെ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അതിനിടെ തെളിവെടുപ്പിനെത്തിച്ച അഫാനെ കാണാന്‍ റഹീം റോഡില്‍ കാത്തുനിന്നതും വല്ലാത്തക്കാഴ്ച്ചയായി. പേരുമലയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് ഫര്‍സാനയെ ബൈക്കില്‍ കയറ്റിയ സ്ഥലത്തേക്ക് അഫാനെ കൊണ്ടുപോകുന്ന വഴിയിലാണ് ഇദ്ദേഹം നിന്നത്. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക വാങ്ങിയ കടയ്ക്ക് സമീപത്തായാണ് റഹീമും സുഹൃത്തും കാത്തുനിന്നത്.
അനുജൻ അഹ്സാനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ ആണ് തെളിവെടുപ്പ് നടന്നത്. അനുജൻ അഹ്സാനെയും പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിൽ വെഞ്ഞാറമൂട് പൊലീസ് എടുത്ത കേസിൽ ആണ് തെളിവെടുപ്പ് നടന്നത്. ആദ്യം ഫർസാനയെയും അഹ്സാനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉമ്മ ഷമിയെ ജീവച്ഛവമാക്കിയ പേരുമലയിലെ സ്വന്തം വീട്ടിലേക്ക്. ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ സ്വന്തം വീട്ടിൽ വച്ച് താൻ ചെയ്ത ക്രൂരതകൾ അഫാൻ പൊലിസിന് വിവരിച്ച് നൽകി. നേരെ സ്വർണ്ണമാല പണയം വെച്ച് ധനകാര്യ സ്ഥാപനത്തിലേക്ക്. അവിടെനിന്ന് കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും അതിടാൻ ബാഗ് വാങ്ങിയ കടകളിലേക്ക് ഇവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു.
അഫാന്‍ എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് പ്രതികരിച്ചിരുന്നു. എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നും ആണ് അഫാൻ പറഞ്ഞത്. ചുറ്റിക കൊണ്ട് ആക്രമിച്ചാൽ കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നെന്നും അന്ന് പറഞ്ഞിരുന്നു. ഷെമി ഏറ്റവും ഒടുവിലായി അഫാനെതിരെ മൊഴി നല്കിരുന്നു. അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചെന്ന് അവർ കിളിമാനൂർ എസ്എച്ച്ഒയ്ക്ക് മൊഴി നൽകുകയായിരുന്നു. മുൻപ് കട്ടിലിൽ നിന്നു വീണുവെന്നാണു ഷെമി പറഞ്ഞിരുന്നത്. തനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം 50,000 രൂപയുടെ അടിയന്തര ആവശ്യമുണ്ടായി. തുടർന്ന് ബന്ധുവിന്റെ വീട്ടിൽ പോയി. അവിടെവച്ചു കേട്ട അധിക്ഷേപങ്ങൾ മകനെ വേദനിപ്പിച്ചെന്നും അതാണ് മകന്റെ പ്രവൃത്തിയിൽ കലാശിച്ചതെന്നും മൊഴിയിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വിഡിയോകൾ കണ്ടിരുന്നതായും ഷെമി പറഞ്ഞു. ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ഷെമിയുടെ മൊഴിയ്ക്ക് സമാനമായ മൊഴിയാണ് അഫാനും നേരത്തെ പോലീസിന് നല്കിയിരുന്നത്. ഷെമിയ്ക്ക് റഹീമറിയാതെ 35ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായി ഷെമി പറയുന്നുണ്ട്. അഫാന്‍റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് നേരത്തെ അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു. അബ്‌ദുല്‍ റഹീം സൗദിയില്‍ നടത്തിയിരുന്ന വ്യാപാരത്തില്‍ തകര്‍ച്ച നേരിട്ടിട്ടും കുടുംബത്തിന്‍റെ ആഢംബര ജീവിതശൈലി മാറ്റമില്ലാതെ തുടര്‍ന്നതാണ് ബാധ്യതകളുടെ ആക്കംകൂട്ടിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ച ശേഷം വീട്ടിലെ ഗ്യാസ് തുറന്നു വിട്ടത് വസ്‌തുവകകള്‍ ബന്ധുക്കള്‍ കൈവശപ്പെടുത്താതെ കത്തി നശിക്കാന്‍ ആണെന്നും കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
സംഭവ ദിവസം രാവിലെ 10 മണിക്ക് വീടിനുള്ളിലെ സോഫയില്‍ ഇരുന്ന് താനും ഉമ്മ ഷെമിയും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യ അല്ലാതെ മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്ന് പരസ്‌പരം പറഞ്ഞു.
ഉടനെ ഉമ്മ പൊക്കോളൂ, ഞാനും അവനും പിന്നാലെ വരാം എന്ന് പറഞ്ഞ് ഉമ്മയുടെ തലയില്‍ ഉണ്ടായിരുന്ന ഷോള്‍ അഫാന്‍ കഴുത്തില്‍ ശക്തമായി വരിഞ്ഞു മുറുക്കി. ഷെമി സോഫയില്‍ നിന്ന് നിലത്ത് വീണു. ഒപ്പം താനും വീണു. പിന്നീട് മുറിക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. തല ശക്തിയോടെ തറയില്‍ ഇടിപ്പിച്ചു. രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് ഉമ്മ മരിച്ചെന്ന് കരുതി മുറിയുടെ വാതിലടച്ച് പുറത്ത് പോയി.
പാങ്ങോട്ടുള്ള കുടുംബ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന പിതൃമാതാവ് സല്‍മാബീവിയുടെ അടുത്തെത്തിയ അഫാന്‍ 'എന്‍റെ ഉമ്മ പോയെടി' എന്ന് പറഞ്ഞു. തുടര്‍ന്ന് തലക്ക് ചുറ്റികകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ച് 88 കാരിയായ സല്‍മ ബീവിയേയും വകവരുത്തി. അവിടെ നിന്ന് പിതൃസഹോദരന്‍ ലത്തീഫിന്‍റെ വീട്ടിലെത്തി രണ്ടുപേരുടെ ജീവനെടുത്തു.
ഒടുവില്‍ ഉമ്മയുടെ അടുത്തേക്ക് വരണം എന്ന് പറഞ്ഞ് പെണ്‍ സുഹൃത്ത് ഫര്‍സാനയെ മുക്കുന്നൂരിലെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി. കാവറയില്‍ നിന്ന് തനിക്കൊപ്പം ബൈക്കില്‍ കയറിയ ഫര്‍സാനയോട് ഈ വണ്ടി ഇടിച്ചു താന്‍ മരിച്ചാല്‍ എന്ത് ചെയ്യുമെന്ന് യാത്രയ്ക്കിടെ പ്രതി ചോദിച്ചു. നിനക്കൊപ്പം ഞാനും മരിക്കുമെന്ന് ഫര്‍സാനയുടെ മറുപടി. തുടര്‍ന്ന് പേരമലയിലെ വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയില്‍.
താനും ഫര്‍സാനയും മതില്‍ ചാടി കടന്ന് വീടിനുള്ളില്‍ പ്രവേശിച്ചു. മുകള്‍ നിലയിലെ മുറിയില്‍ എത്തിച്ച് ഉമ്മ പോയെന്ന് ആദ്യം വെളിപ്പെടുത്തി. മുത്തശ്ശിയെയും പിതാവിന്‍റെ ജ്യേഷ്‌ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയെന്നും ഫര്‍സാനയോട് പറഞ്ഞു. നടുക്കുന്ന വിവരങ്ങള്‍ കേട്ട് കൈകള്‍ കൊണ്ട് കണ്ണുപൊത്തി തല കുനിച്ച് ഫര്‍സാന സമീപത്തെ കസേരയില്‍ ഇരുന്നു. പൊടുന്നനെ, നീ കരയല്ലെന്നും ഞാനും അനുജനും നിന്‍റെ പിന്നാലെ വരുമെന്നും പറഞ്ഞ് അടുത്ത് കരുതിയിരുന്ന ചുറ്റികകൊണ്ട് രണ്ട് തവണ പെണ്‍ സുഹൃത്തിന്‍റെ നെറ്റിയില്‍ അടിച്ചു.
ആദ്യ ആക്രമണത്തില്‍ തന്നെ അവളുടെ ജീവന്‍ നഷ്‌ടപ്പെട്ടെന്നും പിന്നീട് തലയ്ക്ക് ചുറ്റും അടിക്കുകയായിരുന്നെന്നുമാണ് വെളിപ്പെടുത്തല്‍. അതിനിടെ ഇഷ്‌ട ഭക്ഷണം ആയ കുഴിമന്തിയും വാങ്ങി വീട്ടിലേക്ക് മടങ്ങി വന്ന സഹോദരനെ അകത്ത് വിളിച്ച് കയറ്റി ഉമ്മ പോയെന്ന് പറഞ്ഞു. നമുക്കും ഉമ്മയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞ് ശബ്‌ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഹാളിനുള്ളിലെ ടിവി ഓണാക്കിയ ശേഷം അഫ്‌സാന് നേര്‍ക്ക് ആദ്യ ആക്രമണം.
ഇക്ക ഇക്ക എന്ന് വിളിച്ചുകൊണ്ടായിരുന്നു 14കാരന്‍ പിടഞ്ഞുവീണത്. പിന്നാലെ സമീപത്തെ മുറിക്കുള്ളില്‍ നിന്ന് അനക്കം കേട്ട് തുറന്നു നോക്കുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടായിരുന്നു... തുടര്‍ന്ന് ചുറ്റികകൊണ്ട് പലതവണ ഷെമിയുടെ തലയില്‍ അടിച്ചു. രക്തം പരന്നൊഴുകിയിട്ടും കണ്ണുകള്‍ തുറന്നിരുന്നതോടെ ബലമായി മുറുക്കി അടച്ച ശേഷം അഫാന്‍ പുറത്ത് കടന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന അനുജന്‍റെ മൃതദേഹത്തിനരികിലിരുന്ന് ഏറെ നേരം കരഞ്ഞ ശേഷമാണ് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റി കുളിച്ചത്. ഒടുവില്‍ അടുക്കളയിലെ ഗ്യാസ് തുറന്നു വിട്ടു . തുടര്‍ന്ന് ശീതള പാനീയത്തില്‍ എലിവിഷം കലര്‍ത്തി കുടിച്ച ശേഷം വീടിന് പുറത്ത് കടന്നു. ബൈക്ക് സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ഓട്ടോ പിടിച്ച് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.
ഉമ്മയേയും താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച അനുജനെയും കാമുകിയെയും കൊലപ്പെടുത്തയതില്‍ തനിക്ക് കുറ്റബോധം ഉണ്ടെങ്കിലും മറ്റ് മൂന്ന് പേരോടും തനിക്ക് അടങ്ങാത്ത പക ആയിരുന്നെന്നും അവര്‍ മരിക്കേണ്ടവര്‍ തന്നെയാണെന്നുമായിരുന്നു അന്വേഷണ സംഘത്തോട് തെളിവെടുപ്പിനിടെ അഫാൻ പറഞ്ഞിരുന്നു.
മകനെ കഴിഞ്ഞ ദിവസം വരെ കുറ്റക്കാരനായി കാണാതിരുന്ന ഷെമിയാണ് കേസിൽ നിർണായക വഴിത്തിരിവാകുന്ന മൊഴി പുറത്ത് വിട്ടത്. റഹീം ഒരിക്കലും അഫാനെ ജാമ്യത്തിലെടുക്കാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് അടുത്ത ബന്ധുക്കളും നൽകുന്ന സൂചന. മകന്റെ പ്രവൃത്തികൊണ്ടു സ്വന്തം രക്തബന്ധത്തിലുള്ളവരെ തന്നെയാണ് റഹീമിന് നഷ്ടമായത്. ഇതോടെ നാട്ടിലും വീട്ടിലും കുടുംബത്തും ഷെമിയും റഹീമും ഒറ്റപ്പെട്ട അവസ്ഥ. കൊടും ക്രിമിനലായാലും സ്വന്തം മക്കളെ സ്നേഹിക്കാൻ പാടില്ലെന്ന് പറയാനുള്ള അവകാശം ആർക്കും തന്നെയില്ല.
അഫാനെ ജയിലിൽ നിന്നിറക്കണമെന്ന് ഷെമി ദിവസം അഭ്യർത്ഥിച്ചിരുന്നു. "ഞാൻ കട്ടിലിൽ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓർമയിലും അതുതന്നെയാണ്. പൊലീസുകാർ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളിൽ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓർമയുണ്ട്. അതുതന്നെയാണ് ഞാൻ പറഞ്ഞത്.സാറെ എന്റെ കൊച്ചിനെ ഇറക്കാൻ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവൻ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കിൽ ഞാൻ എന്നേ എന്തെങ്കിലും ചെയ്‌തേനെ. '- എന്നായിരുന്നു ഷെമി ഇന്നലെ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അനുജൻ, കാമുകി, മുത്തശ്ശി, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഷെമി. അതിനാൽത്തന്നെ കേസിൽ അവരുടെ മൊഴി നിർണായകമാണ്. കൊലപാതകം നടന്ന ദിവസവും പണം കടമായി ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് അഫാൻ തന്നെ ആക്രമിച്ചത് എന്നാണ് ഷെമി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























