സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നാണ് ചര്‍ച്ചയില്‍ ആദ്യം തന്നെ ആശപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്, 'ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്'; ആശമാര്‍ പറഞ്ഞത് അനുഭാവപൂര്‍വം കേട്ടെന്ന് മന്ത്രി

സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നാണ് ചര്‍ച്ചയില്‍ ആദ്യം തന്നെ ആശപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15ാം തീയതി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അവര്‍ പറഞ്ഞതെല്ലാം അനുഭാവപൂര്‍വ്വം കേട്ടു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് സമരക്കാരുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെല്ലാം സ്വീകരിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. ഓണറേറിയം നല്‍കുന്നതാണ് ഉന്നയിച്ച പ്രധാന വിഷയം. 7000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത്. സംസ്ഥാനവും കേന്ദ്രവും നല്‍കുന്ന ഫിക്സഡ് ഇന്‍സെന്റീവ് 3000 രൂപയാണ്. ഇതില്‍ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. ഇതുകൂടാതെ ഓരോ സേവനങ്ങള്‍ക്കും ഇന്‍സെന്റീവ് ഉണ്ട്. ആശമാര്‍ക്ക് നല്ല പ്രവര്‍ത്തന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശമാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുമായി ബന്ധപ്പെട്ട പട്ടിക കേന്ദ്രത്തിന് അയച്ചുകൊടുത്തു. ഇതുസംബന്ധിച്ച് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ആശമാര്‍ക്ക് പറയാനുള്ളത് കേട്ടു. 21,000 രൂപയായി ഓണറേറിയം വര്‍ദ്ധിപ്പിക്കണം, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ നല്‍കണം എന്നീ രണ്ട് ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. പക്ഷേ ഇപ്പോള്‍ മൂന്നിരട്ടി വര്‍ദ്ധിക്കണമെന്ന് പറഞ്ഞാല്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമല്ലോ. ഇതില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് കൃത്യമായി ചെയ്യുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിന് ഏറ്റവും അനുകൂലമായ സമീപനമാണുള്ളത്'- മന്ത്രി പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നിരാഹാര സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ആശമാര്‍. ഓണറേറിയം ഉള്‍പ്പടെയുള്ള കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ആശ വര്‍ക്കര്‍മാര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























