ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശിയില്‍ നിന്ന് ഒന്‍പതേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പളളി മാളിയേക്കല്‍ റോഡില്‍ അമൃത ഗൗരി അപ്പാര്‍ട്ട്‌മെന്റില്‍ കിഷോര്‍ ശങ്കര്‍ (ശ്രീറാം-40) ആണ് അറസ്റ്റിലായത്. മാന്നാര്‍ സ്വദേശിയായ യുവാവിനെ ഒരു ഹോട്ടലില്‍ വെച്ച് താന്‍ ധനലക്ഷ്മി ബാങ്കിന്റെ എന്‍ആര്‍ഐ സെക്ഷന്‍ മാനേജര്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ബാങ്കില്‍ ജോലി വാങ്ങി നല്‍കാം എന്ന് വാഗ്ദാനം നല്‍കി കഴിഞ്ഞ മൂന്ന് മാസങ്ങളായി പല തവണകളായിട്ടാണ് ഒന്‍പതേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്.
ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ വ്യാഴാഴ്ചയാണ് യുവാവ് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത് തുടര്‍ന്ന് എസ്‌ഐ അഭിരമിന്റെ നേതൃത്വത്തത്തില്‍ എസ്‌ഐ സി എസ് ഗിരീഷ്, എഎസ്‌ഐ റിയാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ, സാജിദ്, സുധീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ഹരിപ്രസാദ് എന്നിവര്‍ പ്രതിയെ എറണാകുളം പള്ളിമുക്ക് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ സമീപത്ത് നിന്നാണ് പിടികൂടിയത്.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയിലും ബാങ്കില്‍ നിന്ന് ലോണ്‍ സംഘടിപ്പിച്ചു നല്‍കാം എന്ന് പറഞ്ഞും പ്രമുഖരായ ആളുകളെ ഉള്‍പ്പെടെ തട്ടിപ്പിനിരയാക്കിയിട്ടുള്ളതായും, 2016 ല്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























