ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം 38 ദിവസം പിന്നിടുന്നു: മന്ത്രിതല ചര്‍ച്ചയും പരാജയപ്പെട്ടതോടെ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങുകയാണ് ആശാ പ്രവര്‍ത്തകര്‍

തലസ്ഥാനത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം 38 ദിവസം പിന്നിടുന്നു. ബുധനാഴ്ച നടത്തിയ മന്ത്രിതല ചര്‍ച്ചയും പരാജയപ്പെട്ടതോടെ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങുകയാണ് ആശാ പ്രവര്‍ത്തകര്‍. മന്ത്രി വീണാ ജോര്‍ജ് ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നടത്തിയത് പേരിനൊരു ചര്‍ച്ചയാണെന്നും ആശാ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. എന്‍എച്ച്എം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതിനുപിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയത്.
സ്വന്തം ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ചര്‍ച്ചയ്ക്കിടെ മന്ത്രിയെ ബോധിപ്പിച്ചെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. സര്‍ക്കാരിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി പൊടുന്നനെ വന്ന് 300 ശതമാനം വര്‍ധനയൊക്കെ ആവശ്യപ്പെട്ടാല്‍ എങ്ങനെ തരും സര്‍ക്കാര്‍ ഒപ്പമുണ്ട്. അടുത്തയാഴ്ച കേന്ദ്രത്തില്‍ പോകുന്നുണ്ട്. ചര്‍ച്ച ചെയ്യാം, നിങ്ങള്‍ പോകണം. എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും ഇരുത്തുന്നതില്‍ വിഷമമുണ്ടെന്നൊക്കെയാണ് മന്ത്രി പറയുന്നത്. സമരം നിര്‍ത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചത്.
ഒരു രൂപയുടെ പോലും വര്‍ധനവില്ലാതെ, അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് തിരിച്ചുപോവുകയെന്ന് ഞങ്ങള്‍ ചോദിച്ചു. സര്‍ക്കാരിന്റെ പ്രാരാബ്ധത്തേക്കുറിച്ച് മന്ത്രി എപ്പോഴും പറയുന്നതും നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു എന്ന് മാത്രമേയുള്ളൂ. ഇപ്പറഞ്ഞതിനപ്പുറം ഒരു ചര്‍ച്ചയേ നടക്കുന്നില്ല. എന്‍എച്ച്എമ്മിന്റെ ഡയറക്ടറടക്കം ചര്‍ച്ചയ്ക്കുണ്ടായിരുന്നു. ചര്‍ച്ച നടത്തി എന്ന് വരുത്തുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























