ആശ്വാസവുമായി സ്വർണവില..ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8,270 രൂപയായി.. പവന് 320 രൂപ താഴ്ന്ന് വില 66,160 രൂപയും..കേരളത്തിലും വില താഴാൻ സഹായിച്ചു..

ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8,270 രൂപയായി. പവന് 320 രൂപ താഴ്ന്ന് വില 66,160 രൂപയും. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് റെക്കോർഡ്. കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയശേഷമാണ് ഇന്നു കുറഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിലെ രാജ്യന്തരവിലയിലെ റെക്കോർഡ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് നടത്തിയതും അതുമൂലം വില കുറഞ്ഞതും കേരളത്തിലും വില താഴാൻ സഹായിച്ചു.
രാജ്യാന്തര സ്വർണവില ഔൺസിന് 3,058 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് 3,030 ഡോളറിലേക്കാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപ കാഴ്ചവയ്ക്കുന്ന മികച്ച തിരിച്ചുവരവും സ്വർണവിലയെ താഴേക്കു നയിച്ചു. ഇന്നു ഡോളറിനെതിരെ 14 പൈസ മെച്ചപ്പെട്ട് 86.23ലാണ് രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം. തുടർച്ചയായ എട്ടാംദിവസമാണ് രൂപ നേട്ടത്തിൽ തുടരുന്നതും.
യുഎസ് തുടക്കമിട്ട ആഗോള വ്യാപാരയുദ്ധം കനക്കുകയും യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമാകുകയും ചെയ്താൽ അതു നേട്ടമാവുക സ്വർണത്തിനാണ്. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറുകൾ സംബന്ധിച്ച അനിശ്ചിതത്വവും സ്വർണവിലയ്ക്ക് കുതിപ്പാകും.
https://www.facebook.com/Malayalivartha

























