വഴക്കിനൊടുവില്‍... വീടുപൂട്ടി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും മകളും മരിച്ചു...

സങ്കടക്കാഴ്ചയായി... മകളുടെ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വീടുപൂട്ടി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും മകളും മരിച്ചു.
മകന് പൊള്ളലേറ്റു. തീ പടര്‍ന്ന് വീട് പൂര്‍ണമായി കത്തിനശിച്ചു. ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ എരുമേലി കനകപ്പലം ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന് (53), ഭാര്യ ശ്രീജ (സീതമ്മ, 48), മകള്‍ അഞ്ജലി (29) എന്നിവരാണ് മരിച്ചത്. മകന് അഖിലേഷ് (ഉണ്ണിക്കുട്ടന്, 25) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം നടന്നത്. ഓടിയെത്തി വെള്ളം ഒഴിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സാഹസികമായി കതക് പൊളിച്ച് അഞ്ജലിയെയും സത്യപാലനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്.
ബാത്ത് റൂമിലായിരുന്ന അഖിലേഷ് തീപടരുന്നത് കണ്ട് പുറത്തേക്ക് ഓടുന്നതിനിടെയാണ് പൊള്ളലേറ്റത്. സത്യപാലനെയും, അഞ്ജലിയെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന അഞ്ജലി നാലുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ചായക്കട നടത്തുകയായിരുന്ന സത്യപാലന് പിന്നീടാണ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്കുന്ന സ്ഥാപനം ആരംഭിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന സമീപവാസിയായ യുവാവുമായി അഞ്ജലി അടുപ്പത്തിലായിരുന്നു.
ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍ത്തു. ഇന്നലെ ഉച്ചയോടെ യുവാവും സുഹൃത്തുക്കളും അഞ്ജലിയുടെ വീട്ടിലെത്തി മടങ്ങിപ്പോയശേഷം വഴക്കുണ്ടായി. ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ഉപയോഗത്തിന് വാങ്ങിവച്ചിരുന്ന പെട്രോളെടുത്ത് ശ്രീജ ദേഹത്ത് ഒഴിച്ചു തീകൊളുത്തി. ശ്രീജയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ അഞ്ജലിക്കും സത്യപാലനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. അതിനിടെ വീട്ടിലേക്കും തീപടര്‍ന്നുപിടിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സത്യപാലന്റെയും അഞ്ജലിയുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്.
https://www.facebook.com/Malayalivartha
























