ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും. പുലർച്ച നാലിന് നിർമാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും.
ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർഥനക്കുശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ദീപം പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകുന്നതാണ്.
മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, റെജി ചെറിയാൻ എം.എൽ.എ എന്നിവർ സംസാരിക്കും. മാന്നാർ അബ്ദുൽലത്തീഫ് മുഖ്യപ്രഭാഷണം നടത്തും. 11ന് 500ലധികം വേദപണ്ഡിതരുടെ മുഖ്യ കാർമികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിക്കും.
പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട കലക്ടർമാരുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. 2000ത്തിലധികം പൊലീസുകാരെ സുരക്ഷ ജോലികൾക്കായി നിയോഗിക്കും. 3001 അംഗ വളന്റിയേഴ്സിന്റെ സേവനവും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്ന് പ്രത്യേക സർവിസുകൾ നടത്തും.
"
https://www.facebook.com/Malayalivartha

























