ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ

ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി. സൗന്ദകോട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് പുലിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അടുക്കളയിൽ പുലി കയറിയ സമയത്ത് വൃദ്ധയായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലി അകത്തുകയറിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ മകൾ അമ്മയ്ക്ക് ഭക്ഷണം നൽകാനായി അടുക്കളയിലേക്ക് പോകുന്നതിനിടെയാണ് പുലിയെ കാണുന്നത്.
ഉടൻതന്നെ മകൾ അടുക്കളയുടെ വാതിൽ പുറത്തുനിന്ന് അടച്ചു. ഇതോടെ അമ്മയ്ക്കും മകൾക്കും അപകടമൊന്നും കൂടാതെ രക്ഷപ്പെടാനായി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം അടുക്കളയ്ക്ക് പുറത്ത് കൂട് സ്ഥാപിച്ചശേഷം പുലിയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























