പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി.
രണ്ടര മണിക്കൂറോളം നീണ്ടു നിന്ന യോഗം സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. .ഭീകരരെ പിന്തുണയ്ക്കുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായെങ്കിലും, തല്ക്കാലം പാകിസ്ഥാനെതിരെ നയതന്ത്രപരവും തന്ത്രപരവുമായ നിലപാട് കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കടുത്ത നടപടികളിലൂടെ നയതന്ത്ര തലത്തില്‍ അടക്കം പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന് പൗരന്മാര്ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും, വാഗ-അട്ടാരി അതിര്‍ത്തി ഉടന്‍ അടയ്ക്കാനും യോഗം തീരുമാനമെടുത്തു. ഇസ്ലാമാബാദില് നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന് വിശ്വസനീയമായ തരത്തില്‍ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെക്കുമെന്നും, ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭാ സമിതി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരാണ് പങ്കെടുത്തത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ വിശദീകരണത്തോടെയാണ് യോഗത്തിന് തുടക്കമായത്. പിന്നാലെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. തുടര്‍ന്നാണ് ഭീകരാക്രമണത്തിന് ഏതു തരത്തില്‍ തിരിച്ചടി നല്‍കണമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായത്.
മന്ത്രിസഭാസമിതി യോഗത്തിന് ശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ ഒറ്റയ്ക്ക് കണ്ട് സ്വകാര്യ ചര്‍ച്ചയും നടത്തി.
https://www.facebook.com/Malayalivartha

























