അമ്പലമുക്ക് വിനീത കൊലക്കേസില്‍ ശിക്ഷാവിധി ... പ്രതി രാജേന്ദ്രന് വധശിക്ഷ

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. ശിക്ഷ വിധിച്ചത് തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി.
പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാല ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ വിനീതയെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട് തോവാള വെളളമഠം രാജീവ് നഗറില്‍ രാജേന്ദ്രന്റെ (42) ശിക്ഷയാണ് വിധിച്ചത്.
കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതു സമൂഹത്തിന് ഭീഷണിയായതുകൊണ്ട് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചിട്ടുണ്ടായിരുന്നു. തമിഴ് നാട്ടില്‍ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്. പ്രതി നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നുപേരും സ്ത്രീകളാണ്.
തിരുവനന്തപുരം ജില്ലാ കളക്ടറുടേതടക്കം ആറ് റിപ്പോര്‍ട്ടുകളും പ്രതിക്ക് എതിരായിരുന്നു. മന:പരിവര്‍ത്തനം നടത്താന്‍ കഴിയാത്ത കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ പൊതു സാരാംശം. തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലെ മനശാസ്ത്രഞ്ജനും, മനോരോഗ വിദഗ്ദനും പ്രതിയെ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പോലീസിനെ ഭയന്ന് സഹോദരന് പ്രഭുവും സഹോദരി സുബ്ബലക്ഷമിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.
2022 ഫെബ്രുവരി ആറിന് ചെടിവാങ്ങാന്‍ എന്ന വ്യാജേന എത്തിയ പ്രതി ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തി അവരുടെ നാലരപവന്‍ തൂക്കമുളള മാല കവര്‍ന്നു എന്നതാണ് പ്രോസിക്യൂഷന് കേസ്.
"
https://www.facebook.com/Malayalivartha

























