ശബരിമല നട ഇടവമാസ പൂജകള്‍ക്കായി 14ന് തുറക്കും...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. വൈകുന്നേരം 4ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകന്‍ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കുകയും ചെയ്യും . തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്‌നി ജ്വലിപ്പിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുന്നതാണ്.
ഇന്ന് പ്രത്യേക പൂജകളില്ല. നാളെ രാവിലെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം നടയടയ്ക്കും.
വൈകിട്ട് 4ന് നടതുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴപൂജയും നടക്കും. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗിലൂടെയും ഭക്തര്‍ക്ക് ദര്‍ശനം നടത്താവുന്നതാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദുചെയ്തതോടെ 18,19 ദിവസങ്ങളിലെ നിറുത്തിവച്ചിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha