സംസ്ഥാനത്ത് വിവിധി ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നു മണിക്കൂര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരിലെ ചെങ്കല്‍പണയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ ബര്‍മനാണ് ചൂരലിലെ ചെങ്കല്‍പണയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ ജിതിന് പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായ്.
ഇടുക്കിയിലെ ജലാശയങ്ങളില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം. മേയ് 24 മുതല്‍ 27 വരെയാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ട്രക്കിങും നിരോധിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച ഏഴു മുതല്‍ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ നിലമ്പൂര്‍ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ പൈതല്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നാളെ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചു.
https://www.facebook.com/Malayalivartha