കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....

സാമ്പത്തികബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയില്‍ അനില്‍കുമാര്‍ (50), ഭാര്യ ഷീജ (46), മക്കളായ അശ്വിന്‍ (25), ആകാശ് (21) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതിന് ശേഷവും വീട്ടുകാരെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വീട് തുറന്നപ്പോഴാണ് ഹാളിലെ നാല് മൂലയിലുമുള്ള ഹുക്കുകളില്‍ നാലു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് അനില്‍ കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെത്തിയെന്ന് പൊലീസ് .
അനില്‍കുമാര്‍ വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് മണനാക്ക് ബ്രാഞ്ചിലെ ജീവനക്കാരനും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഷീജ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയാണ്. അശ്വിന്‍ ബി.കോം കഴിഞ്ഞ് ജോലിക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ആകാശ് ചിറയിന്‍കീഴ് മുസ്ലിയാര്‍ എന്‍ജിനിയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയാണ്. ലക്ഷങ്ങളുടെ ബാദ്ധ്യതജോലി ചെയ്തിരുന്ന സഹകരണ ബാങ്കില്‍ നിന്നടക്കം അനില്‍കുമാര്‍ വായ്പയെടുത്തിരുന്നതായി പൊലീസ് .
ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണവും സ്വര്‍ണവും പലപ്പോഴായി വാങ്ങിയതടക്കം ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടായി. പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും അന്വേഷിച്ചെത്തിയിട്ടുണ്ടായിരുന്നു. കടബാദ്ധ്യത വീട്ടുകാരെ ബാധിക്കാതിരിക്കാനാണ് കൂട്ടആത്മഹത്യ ചെയ്യുന്നതെന്ന് അനില്‍കുമാര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. റൂറല്‍ എസ്.പി സുദര്‍ശനന്‍, വര്‍ക്കല ഡി.വൈ.എസ്.പി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"https://www.facebook.com/Malayalivartha