വാക്കു തര്‍ക്കത്തിനിടെ കൊലപാതകം... സ്ലാബില്‍ തലയിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ്

അറുപത്തിയേഴുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മകന്‍ അറസ്റ്റില്‍. ഡൈമുക്കിനടുത്ത് കന്നിമാര്‍ച്ചോല അഞ്ചുമുക്ക് ഭാഗത്ത് താമസിക്കുന്ന പുതുപറമ്പില്‍ വീട്ടില്‍ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിഷ്ണുകുമാര്‍(32)നെയാണ് അറസ്റ്റുചെയ്തത്.
വാക്കുതര്‍ക്കത്തിനിടെ മുറിയിലെ സ്ലാബില്‍ തലയിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി വണ്ടിപ്പെരിയാര്‍ പോലീസ്. ഞായറാഴ്ച രാത്രിയാണ് മോഹനന്‍ കൊല്ലപ്പെട്ടത്. അച്ഛനും മകനും തമ്മില്‍ മദ്യപിച്ചശേഷം പലപ്പോഴും കലഹം പതിവായിരുന്നു.
സംഭവദിവസവും വഴക്കുണ്ടായി. ബൈക്കിന്റെ ഫിനാന്‍സ് അടയ്ക്കാനായി മോഹനന്‍ മുന്‍പ് 1500 രൂപ വിഷ്ണുകുമാറിന് നല്‍കിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോള്‍ വിഷ്ണുകുമാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. മോഹനന്റെ ഭാര്യ കുമാരി ഭര്‍ത്താവിനേയും മകനേയും പിടിച്ചുമാറ്റി. കുമാരി കുളിക്കാനായി പോയ സമയം അച്ഛനും മകനും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുകുമാര്‍, മോഹനന്റെ തലപിടിച്ച് നാല് പ്രാവശ്യം സ്ലാബില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പിനുശേഷം വിഷ്ണുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം സംഭവത്തിനുശേഷം കൊലപാതകവിവരം മറച്ചുവെക്കാനും വിഷ്ണുകുമാര്‍ കഴിവതും ശ്രമിച്ചു. അച്ഛന്‍ അനക്കമില്ലാതെ കിടക്കുന്നു എന്നുപറഞ്ഞ് വിഷ്ണുകുമാര്‍ അയല്‍വാസികളേയും ബന്ധുക്കളേയും ഫോണ്‍വിളിച്ച് പറഞ്ഞു.ഇവര്‍ എത്തിയപ്പോള്‍ മോഹനന്‍ കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കട്ടിലിന് അടിയില്‍ തുണിയിട്ട് മൂടിയ നിലയില്‍ രക്തവും കണ്ടു. മോഹനന്‍ വെള്ളമുണ്ടായിരുന്നു ഉടുത്തിരുന്നത്. മോഹനന്‍ വെള്ളമുണ്ട് ഉടുക്കാറില്ലെന്ന് അറിയാവുന്ന അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സംശയമായി. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോള്‍ വിഷ്ണുകുമാര്‍ സമ്മതിച്ചുമില്ല. തുടര്‍ന്നാണ് പോലീസെത്തിയത്.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു
"
https://www.facebook.com/Malayalivartha