സങ്കടക്കാഴ്ചയായി... കൊച്ചിയില്‍ ലോറിയില്‍ നിന്നും ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം..

കൊച്ചിയില്‍ ലോറിയില്‍ നിന്നും ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്.
ഷോറൂം ജീവനക്കാരനായ റോഷനാണ് മരിച്ചത്. കാര്‍ ഇറക്കിയ ആള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു.
രാത്രി 11.30 കഴിഞ്ഞതോടെ പതിവുപോലെ യാര്‍ഡിലേക്ക് കാറിറക്കാനെത്തിയതായിരുന്നു മട്ടാഞ്ചേരി സ്വദേശി റോഷന് ആന്റണി സേവ്യര്‍. ഒപ്പം കാര്‍ ഇറക്കാനെത്തിയ യൂണിയന് തൊഴിലാളികളായ അന്‍ഷാദും അനീഷും. കോടികള്‍ വിലമതിക്കുന്ന റേഞ്ച് റോവര്‍ വോഗ് കാര്‍ ഡ്രൈവറായ അന്‍ഷാദ് റിവേഴ്സ് ഗിയറില്‍ ഇറക്കാന്‍ തുടങ്ങിയതും നിയന്ത്രണം നഷ്ടപ്പെട്ടു. താഴെ നിര്‍ദേശം നല്‍കാനായി നിന്നിരുന്ന റോഷനും അനീഷിനും നേരെ കാര്‍ പാഞ്ഞെത്തി. അപകടമെന്ന് മനസിലാക്കുന്നതിനു മുന്‍പ് റോഷന്റെ മേല്‍ കാര്‍ കയറി ഇറങ്ങി.
കാര്‍ വീണ്ടും പിന്നോട്ട് നീങ്ങി യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയും റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചുനിന്നു. റോഷനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. അപകടത്തില്‍ കാറിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ടയറുകളും പൊട്ടി.
ഡ്രൈവര്‍ക്ക് ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം അറിയാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പാലാരിവട്ടം പൊലീസ് അന്‍ഷാദിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയടക്കം വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























