ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല

ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സംവിധാനം കേരളത്തിലെ പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരമായ കാര്യമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം വലിയ പുരോഗതിയാണ് കൈവരിച്ചത്. മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ചികിത്സാ ചെലവ് കുറവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. അത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ 2026-ന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് ഏത് വികസിത രാജ്യത്തോടും കിടപിടിക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും കേരളത്തിലുണ്ട്. അതില്‍ അടിത്തറ പാകിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്.
*എല്ലാ കാര്യത്തിലും ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിക്കില്ല: മന്ത്രി കെ. മുരളീധരന്*
എല്ലാ കാര്യത്തിലും ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അത് ആരോഗ്യ മേഖലയെ ബാധിക്കില്ല. ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജോലിഭാരം കുറയ്ക്കാനായി കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തിക ഉടന്‍ സൃഷ്ടിക്കുന്നതാണ്. ആശുപത്രികളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അണുവിമുക്തമാക്കാനും തലപ്പത്തുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരാണ് സാധാരണ രോഗികളുടെ രക്ഷകര്‍. വൈദ്യ ശാസ്ത്രം അതിവേഗം മാറുകയാണ്. മാറുന്ന സാങ്കേതിക വിദ്യയോടൊപ്പം രോഗികളോടുള്ള കരുണയും ഉണ്ടാകണം.
75 വര്‍ഷം ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം നല്കിയ സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ച പൊതുജനാരോഗ്യ മേഖലയുടെ വളര്‍ച്ച കൂടിയാണ്. ഇവിടത്തെ മെഡിക്കല്‍ കോളേജില്‍ പഠിച്ച ധാരാളം ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. അലുമ്നി അസോസിയേഷന് 15 കോടി ചെലവഴിച്ച് അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നു എന്നത് അഭിമാനകരമാണ്. ഡോക്ടര്‍മാരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. അടുത്ത 25 വര്‍ഷത്തെ വളര്‍ച്ച കൂടി സെമിനാര്‍ ചര്‍ച്ച ചെയ്യണം.
വി. മുരളീധരൻ എംഎൽഎ, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജു രവീന്ദ്രന്, സൂപ്രണ്ട് ഡോ. ജയച്ചന്ദ്രന്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. എസ്.എസ്. ലാല്‍, അലുമ്നി അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. ദിനേശ് കെ., സെക്രട്ടറി ഡോ. കവിത രവി, ട്രഷറര്‍ ഡോ. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























