വിവരാവകാശ കമ്മീഷന്‍: വിന്‍സണ്‍ എം പോളിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

സര്‍ക്കാരിന് തിരിച്ചടി.. സംസ്ഥാന വിവരാവാകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ഡിജിപി വിന്‍സന്റ് എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി അഞ്ചംഗ സമിതിയെയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നത്. അഞ്ച് അംഗങ്ങളുടെ നിയമനവും കേസ് തീര്‍പ്പാക്കുന്നതു വരെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് സ്‌റ്റേ ചെയ്തിരിക്കുന്നത്. തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി ചട്ടങ്ങള്‍ മറികടന്നാണ് വിവരാവകാശ കമ്മീഷന്‍ നിയമനത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് സോമനാഥന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ. കേസ് അടുത്ത ബുധനാഴ്ച വീണ്ടും കേള്‍ക്കും.എന്നാല്‍ നിയമനം നടത്തിയിട്ടില്ലെന്നും ശുപാര്‍ശ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
269 അപേക്ഷകളാണ് ആകെ പരിഗണനയ്ക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുഭരണ സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. സിബി മാത്യൂസ് ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോള്‍ നിയമിച്ചിരുന്നത്.
വിന്‍സന്റ് എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായും എബി കുര്യാക്കോസ്, ജി ആര്‍ ദേവദാസ്, അങ്കത്തില്‍ ജയകുമാര്‍, അബ്ദുള്‍ മജീദ്, റോയ്‌സ് ചിറയില്‍ എന്നിവരെ കമ്മീഷണര്‍മാരായുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറി കടന്നാണ് മൂന്നംഗ സമിതി നിയമനം നടത്തിയിരുന്നത്. ബാര്‍കോഴ കേസിന്റെ പ്രത്യുപകാരമാണ് വിന്‍സണ്‍ എം പോളിന്റെ നിയമനമെന്ന് വിഎസ് ആരോപിച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha