കള്ളപ്പണക്കാരെ നരേന്ദ്ര മോദി സര്ക്കാര് സംരക്ഷിക്കുന്നു, രോഹിത് വെമുലയുടെ കടുംബത്തോട് കാട്ടിയത് അനീതി, ഫെയര് ആന്ഡ് ലൗലി' പദ്ധതിയെ വിമര്ശിച്ച് രാഹുല് ഗാന്ധി

കള്ളപ്പണക്കാരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ 'ഫെയര്‍ ആന്ഡ് ലൗലി' പദ്ധതിയാണ് നടപ്പാക്കുന്നത്. കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവരെ രക്ഷിക്കാനുള്ള കാര്യങ്ങളാണ് മോദി ചെയ്യുന്നത്, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പാക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. എത്രപേര്‍ക്കു ജോലികിട്ടി എന്നുചോദിച്ചാല്‍ ആരുടെയും കൈ പൊങ്ങില്ല. പണ്ട് മോദി പറഞ്ഞിരുന്നു, ദേശീയ തൊഴിലുറപ്പുപദ്ധതി മോശം സ്‌കീം ആണെന്ന്. എന്നാല്‍ അരുണ്‍ ജയ്റ്റ്‌ലി എന്റെ അടുത്തു പറഞ്ഞു അതു വളരെ നല്ല സ്‌കീം ആണെന്ന്. എങ്കില്‍ നിങ്ങളുടെ ബോസിനോട് അതു പറയൂ എന്ന് ഞാന്‍ മറുപടി നല്‍കി.
രോഹിത് വെമുലയുടെ അമ്മയെ മോദി ഫോണ്‍ ചെയ്തിട്ടില്ല. വിഷയത്തില്‍ ഒന്നു സംസാരിച്ചിട്ടു പോലുമില്ല. ജെഎന്‍യുവില്‍ 60% പേരും ദലിത്, ഒബിസി വിഭാഗക്കാരാണ്. നമ്മള്‍ പഠിക്കുകയാണ്, എല്ലാം അറിയാമെന്ന് ഞങ്ങള്‍ അവകാശപ്പെടാറില്ല. കനയ്യ കുമാറിന്റെ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടു. അതില്‍ ഒരു വാക്കു പോലും ദേശദ്രോഹമായിട്ടില്ല.
ഞാന്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യുമ്പോള്‍ വെറും തുണിയെ അല്ല സല്യൂട്ട് ചെയ്യുന്നത്. അതു പ്രതിനിധീകരിക്കുന്ന ബന്ധത്തെയാണ് സല്യൂട്ട് ചെയ്യുന്നത്. ഞാന്‍ ദേശീയ പതാകയെ സംരക്ഷിക്കുമ്പോള്‍ എല്ലാ ശബ്ദത്തെയും, പതാക പ്രതിനിധീകരിക്കുന്ന ദുര്‍ബല ശബ്ദത്തെയും സല്യൂട്ട് ചെയ്യും. ദേശീയപതാകയെ ബഹുമാനിക്കുക എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും അഭിപ്രായത്തെ ബഹുമാനിക്കുക എന്നതാണ്. ഞാന്‍ ജെഎന്‍യുവില്‍ എത്തിയപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ എനിക്കെതിരെ കരിങ്കൊടി കാണിച്ചു.
ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നത്? ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ബഹുമാനിക്കുന്നത്, അദ്ദേഹത്തിന്റെ മന്ത്രിമാരുടെയോ? നിങ്ങള്‍ നിശബ്ദരായി ഇരിക്കുകയാണ് (ബിജെപിക്കാരോട്). ഈ രാജ്യം പ്രധാനമന്ത്രിയല്ല, പ്രധാനമന്ത്രി രാജ്യവുമല്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുമായി തുലനം ചെയ്യാന്‍ കഴിയുന്ന രാജ്യത്ത് ജീവിക്കുന്നതില്‍ എനിക്ക് അഭിമാനമാണ്. ആര്‍എസ്എസിലെ നിങ്ങളുടെ അധ്യാപകര്‍ പഠിപ്പിച്ചിരിക്കുന്നത് ലോകത്ത് ആകെ ഒരു സത്യമേയുള്ളൂവെന്നാണ്. നിങ്ങളുടേതു മാത്രം. വേറാരുടെയും അഭിപ്രായം കാര്യമാക്കില്ല.
നാഗാലാന്‍ഡ് സമാധാന ഉടമ്പടിയുടെ കാര്യം എന്തായി എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതു കാറ്റിലാടിപ്പോയി. 26/11ന് ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍, നമ്മുടെ സൈനികരും പൗരന്മാരും മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് കേന്ദ്രസര്‍ക്കാര്‍ മുംബൈയിലേക്കു പോകരുതെന്നു പറഞ്ഞു യാചിച്ചു. പക്ഷേ, അദ്ദേഹം കേട്ടില്ല. അവിടെ ചെന്നു. അത് ആ ഏറ്റുമുട്ടലിനെ ബാധിച്ചു. നമ്മുടെ ജനങ്ങള്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം തലക്കെട്ടുകളില്‍ ഇടംപിടിച്ചു. ഇന്ന് പ്രധാനമന്ത്രി എന്താണ് ചെയ്തത്? ഒരു ചിന്തയും ആലോചനയും ഇല്ലാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയി ചായ കുടിച്ചു. സേനകളുമായി കൂടിയാലോചിച്ചില്ല, ഉദ്യോഗസ്ഥരോടുപോലും പറഞ്ഞില്ല. വിദേശകാര്യമന്ത്രി സുഷമാസ്വരാജിനോടുപോലും അദ്ദേഹം സംസാരിച്ചെന്നു തോന്നുന്നില്ല, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha