അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് പക്ഷെ അമ്മയുടെ ചലനമറ്റ ശരീരം ആയിരുന്നു. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്
കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്. ‘എനിക്കൊന്നും പറയാനില്ല, വെന്തുരുകുകയാണു ഞാൻ’– മരണവിവരം അറിഞ്ഞയുടൻ മെഡിക്കൽ കോളജിൽ വച്ച് വിശ്രുതൻ പറഞ്ഞു.
നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് വിശ്രുതൻ പറയുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. 'വീട് നോക്കിയിരുന്നത് അവളാണ്. അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു', വിശ്രുതൻ കൂട്ടിച്ചേർത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല.
കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. അതേസമയം, തലയോലപ്പറമ്പിലെ വീട്ടിൽ അളപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി. രാവിലെ 11മണിയോടെയാണ് സംസ്കാരം നടക്കുക.
മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു.
നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്. തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.
രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അവരിലൂടെ ജീവിതം നെയ്തെടുക്കാമെന്നായിരുന്നു ബിന്ദുവിന്റെയും ഭർത്താവ് വിശ്രുതന്റെയും സ്വപ്നം. പക്ഷേ, മകളുടെ രോഗവും തുടർന്ന് ബിന്ദുവിനുണ്ടായ ദുരന്തവും കുടുംബത്തെ ഉലച്ചു. ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായ മകൾ നവമിയുടെ ചികിത്സയ്ക്കാണ് ബിന്ദുവും വിശ്രുതനും കഴിഞ്ഞ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. നവമിയുടെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ.
അഡ്മിറ്റായ നവമിക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ദുരന്തം. വസ്ത്രശാലയിൽ ജീവനക്കാരിയായ ബിന്ദുവും ഫർണിച്ചർ നിർമ്മാണ തൊഴിലാളിയായ വിശ്രുതനും കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പോറ്റുന്നത്.ഓട് മേഞ്ഞ വീടും തേക്കാത്ത ഭിത്തിയുമൊക്കെയായി അങ്ങേയറ്റം കഷ്ടത നിറഞ്ഞ ജീവിതം. വീട്ടിലേയ്ക്ക് ചെറിയ നടപ്പുവഴി മാത്രം. മുണ്ടുമുറുക്കിയുടുത്തും മക്കളെ നന്നായി പഠിപ്പിക്കാൻ ഇരുവരും സമ്പാദ്യം നീക്കിവച്ചു. സിവിൽ എൻജിനിയറായ മകൻ നവനീതും രക്ഷപ്പെട്ട് വരുന്നതേയുള്ളൂ. നവമിയുടെ നഴ്സിംഗ് പഠനം കൂടി പൂർത്തിയാക്കിയാൽ ജീവിതം നല്ലനിലയിലാകുമെന്ന് ബിന്ദു വിശ്വസിച്ചിരുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് ബിന്ദുവിന്റേതെന്ന് നാട്ടുകാർ പറയുന്നു. ദാരുണമായ വാർത്ത അറിഞ്ഞത് മുതൽ ജനപ്രവാഹമായിരുന്നു വീട്ടിലേയ്ക്ക്. 90 വയസുള്ള ബിന്ദുവിന്റെ അമ്മ സീതാലഷ്മിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു. രോഗാവസ്ഥയിൽ കഴിയുന്ന അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ബിന്ദുവായിരുന്നു.
https://www.facebook.com/Malayalivartha



























