ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കാല്‍കൊണ്ട് മാറ്റാവുന്ന ഗിയറും 95 സി.സിയിലേറെ ശേഷിയും വേണമെന്ന നിബന്ധന റദ്ദാക്കി ഹൈക്കോടതി

ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കാല്‍കൊണ്ട് മാറ്റാവുന്ന ഗിയറും 95 സി.സിയിലേറെ ശേഷിയും വേണമെന്ന നിബന്ധന ഹൈക്കോടതി റദ്ദാക്കി.
18 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോര്‍ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും റദ്ദാക്കി. 2024ഫെബ്രുവരി 21നാണ് ഗതാഗത കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്. നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
അതേസമയം, മോട്ടോര്‍ സൈക്കിള്‍ റോഡ് ടെസ്റ്റ് വാഹനത്തിരക്കുള്ള റോഡിലാകണമെന്ന നിബന്ധന ശരിവച്ചു. നാലുചക്ര വാഹനങ്ങളുടെ ഗ്രൗണ്ട് ടെസ്റ്റിന് ആംഗുലര്‍, പാരലല്‍ പാര്‍ക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിറുത്തി മുന്നോട്ടെടുക്കല്‍) എന്നിവയും തുടരാം.
ഇവ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ടെസ്റ്റിന്റെ കാര്യക്ഷമത ഉയര്‍ത്തുമെന്നും കോടതി വിലയിരുത്തി. ഒരു മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെ ടീമില്‍ ദിവസേന 40 ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റിന് ഇതിന് ആനുപാതികമായ എണ്ണം എന്നിവ അംഗീകരിച്ചു. സര്‍ക്കുലറിനെതിരെ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. വിഷയം കേന്ദ്ര ചട്ടങ്ങളുടെ പരിധിയിലുള്ളതാണെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ലാത്തതിനാല്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി.
"
https://www.facebook.com/Malayalivartha