13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...

13കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരുടെയും കെ.എസ്.ഇ.ബിയുടെയും പഞ്ചായത്തിന്റെയും ഗുരുതര വീഴ്ചകൾ പുറത്ത്. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. പുതിയ സ്കൂളിൽ ചേർന്നതിന് ഒരുമാസത്തിനകം തന്നെ, ദാരുണമായ അപകടത്തിൽ വിദ്യാർത്ഥി മരിക്കുകയും, പല തലങ്ങളിലും സിസ്റ്റമാറ്റിക് വീഴ്ചകൾ പുറത്താവുകയും ചെയ്ത സംഭവമാണ് കൊല്ലത്തെ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കനത്ത വീഴ്ചകൾ വ്യക്തമാണ്.
സംഭവത്തിൽ പ്രധാന അധ്യാപികയെ താത്കാലികമായി സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനമായത്. അസ്വാഭാവിക മരണമെന്ന നിലയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരോടൊപ്പം ബാലാവകാശ കമ്മീഷനും, ശിശുക്ഷേമ സമിതിയും സ്കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി. വിദേശത്തുള്ള അമ്മ സുജ ഇപ്പോൾ തുർക്കിയിലാണ്. ഹോം നഴ്സായി കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അവിടെ നിന്ന് വിനോദയാത്രക്കായി പോയത്. മകന്റെ മരണവാർത്ത ഏറ്റവും ഒടുവിലായി ബന്ധുക്കൾ അറിയിച്ചതോടെ നാളെ രാവിലെയോടെയാണ് നാട്ടിലെത്തും.
അതിനു ശേഷം സംസ്ക്കാര ചടങ്ങുകൾ നടത്തും. അതുവരെ മിഥുന്റെ മൃതദേഹം അശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ വിദ്യാർത്ഥിയുടെ മരണത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം നൽകിയിട്ടുണ്ട്. നിയമലംഘനവും ജീവൻപോയ അവഗണനയും ചോദ്യം ചെയ്ത് ഇന്നും സ്‌കൂളിനും കെഎസ്ഇബിയ്ക്കുമെതിരെ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്. സംഭവസ്ഥലത്തും സ്‌കൂളിലും കനത്ത പോലീസ് സന്നാഹം നിർത്തിയിട്ടുണ്ട്. തേവലക്കര ബോയ്സ് ഹൈസ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
രാവിലെ ഒന്‍പതുമണിയാകുമ്പോള്‍ത്തന്നെ തേവലക്കര ബോയ്സ് സ്‌കൂള്‍ മൈതാനത്ത് ആരവങ്ങള്‍ നിറയും. പ്ലാസ്റ്റിക് കുപ്പിയും ചെരിപ്പും പന്താക്കിയുള്ള ഫുട്ബോള്‍ കളി, ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് കളിസ്ഥലത്തുകൂടിയുള്ള ഓട്ടം, കൂട്ടുകാരെ ഉച്ചത്തില്‍ വിളിച്ചും കുറുമ്പുകാട്ടിയും വിദ്യാലയമുറ്റത്ത് അവര്‍ ഉത്സവാന്തരീക്ഷമൊരുക്കും. അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ മൈതാനത്തും ക്ലാസ് മുറികള്‍ക്കുസമീപവും ഉണ്ടാകാറുണ്ട്. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്കും ഇതുതന്നെയായിരുന്നു സ്‌കൂളിലെ അന്തരീക്ഷം. ചെരിപ്പ് ഞാനെടുക്കാമെന്നുപറഞ്ഞ് ആവേശത്തോടെ മിഥുന്‍ മുകളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ വിലക്കി. മേല്‍ക്കൂരയിലെ ഷീറ്റില്‍ അവന്റെ കാല്‍വഴുതി, വൈദ്യുതലൈനിലേക്ക് ചാഞ്ഞപ്പോഴും പിടഞ്ഞപ്പോഴുമൊന്നും അപകടത്തിലാണ് കാര്യങ്ങളെന്ന് അവര്‍ക്ക് ബോധ്യമായതേയില്ല.
കാര്യങ്ങള്‍ കൈവിട്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അവര്‍ ഉറക്കെ കരഞ്ഞു. അധ്യാപകര്‍ ഓടിയെത്തി, മിഥുനെ താഴെയെത്തിക്കുമ്പോള്‍ ഭയമായിരുന്നു കൂട്ടുകാര്‍ക്ക്. പിന്നീട് മരണവിവരമറിയുമ്പോള്‍ വിങ്ങലടക്കാനായില്ല മിഥുന്റെ ക്ലാസ് ടീച്ചര്‍ റൂബിക്കും മലയാളം അധ്യാപിക സുനിതയ്ക്കും മറ്റ് അധ്യാപകര്‍ക്കും. അവന്റെ മുഖം മറക്കാനാകുന്നില്ലെന്ന് കൂട്ടുകാരന്‍ റിസ്വാന്‍. നിമിഷങ്ങള്‍ക്കകം ജനപ്രതിനിധികളും രക്ഷാകര്‍ത്താക്കളും നാട്ടുകാരും സ്‌കൂളിലേക്കെത്തി. ആശങ്കയായിരുന്നു ആ മുഖങ്ങളില്‍.
എട്ട് ബി ക്ലാസില്‍ മിഥുന്റെ ബാഗ് മാത്രം മേശപ്പുറത്തുണ്ടായിരുന്നു. കണ്ടുനിന്നവരെയെല്ലാം അത് കണ്ണീരിലാഴ്ത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌കൂള്‍ പരിസരം പ്രതിഷേധക്കാരെക്കൊണ്ടു നിറഞ്ഞു. കളിചിരികളുമായി വലിയപാടം കിഴക്ക് ഗ്രാമത്തില്‍ ഓടിനടന്നിരുന്നു മിഥുന്‍. റോഡരികില്‍, അങ്കണവാടിക്ക് എതിര്‍വശത്തെ അതിവിശാലമായ മൈതാനത്ത് കാല്‍പ്പന്തുകളിച്ച് നിറചിരിയോടെ അവന്‍ മടങ്ങുന്നത് മനസ്സില്‍നിന്ന് മായുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഇല്ലായ്മകളേറെയുണ്ടായിട്ടും എല്ലാം മറന്ന് ഉല്ലസിച്ചുനടന്നിരുന്ന അവന്‍ മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു. നിര്‍മാണത്തൊഴിലാളിയാണ് മനു. പൂവറ്റൂര്‍ സ്വദേശിയായ സുജ വീടുകള്‍ വൃത്തിയാക്കാനും മറ്റും പോയിരുന്നു.
കായലോരത്തെ ഇവരുടെ ചെറിയ വീട് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ മിക്കപ്പോഴും വെള്ളം വീടിന് അകത്താകും. അതുകൊണ്ടുതന്നെ മിഥുനും പട്ടകടവ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ അനുജന്‍ സുജിനും അല്പം അകലെയുള്ള അമ്മൂമ്മയ്‌ക്കൊപ്പമാണ് അന്തിയുറങ്ങാറ്. ലൈഫ് പദ്ധതിയില്‍ ഇവര്‍ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണം, ചെറിയൊരുവീടുണ്ടാക്കണം...
മുന്നില്‍ മറ്റ് വഴികളൊന്നും തെളിയാതിരുന്നതോടെ, മനസ്സില്ലാ മനസ്സോടെയാണ് സുജ, കുവൈത്തിലേക്ക് വിമാനം കയറിയത്. ദിവസവും മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മനുവാണ് മിഥുനെ സ്‌കൂളിലെത്തിച്ചത്. കുട്ടികളെ സംരക്ഷിച്ചിരുന്ന മനുവിന്റെ അമ്മ, മണിയമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ഒന്‍പതരയോടെയാണ് മിഥുന്‍ അപകടത്തില്‍പ്പെട്ട വിവരം ഇരുവരും അറിഞ്ഞത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിയ മനുവിന് മകന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല.
https://www.facebook.com/Malayalivartha