വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം...കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെ, പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ്. കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊല്ലം തേവക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് വീണ്ടും കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം.
വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെ തെറിച്ചുവീഴുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത വീട്ടില്‍നിന്ന് സഹോദരന്റെ ഭാര്യ ഓടിവന്നു നോക്കിയപ്പോള്‍ മുഹമ്മദ് ഷാ കമ്പിയില്‍ തട്ടി ഷോക്കേറ്റുകിടക്കുന്നതു കണ്ടു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയവരില്‍ ഒരാള്‍ ഇഷ്ടികയെടുത്ത് കമ്പിയില്‍ എറിഞ്ഞാണ് വൈദ്യുതക്കമ്പി ശരീരത്തില്‍നിന്നു വേര്‍പെടുത്തിയത്. ഓടിയെത്തിയവര്‍ പ്രാഥമികചികിത്സ നല്‍കി ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല . വീട്ടുപറമ്പിലെ തെങ്ങുകള്‍ക്ക് തടമെടുത്ത് വളമിടാനുള്ള ശ്രമത്തിലായിരുന്നു മുഹമ്മദ് ഷാ.
വ്യാഴാഴ്ച രാവിലെ തേക്കുമരത്തിന്റെ കൊമ്പുകള്‍ വീണ് വൈദ്യുതക്കമ്പി പൊട്ടി മുഹമ്മദ് ഷായുടെ സഹോദരന്റെ വീട്ടിലേക്കുള്ള വൈദ്യുതി ഇല്ലാതായ വിവരം മുണ്ടക്കുളത്തെ വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് മൂന്നുതവണ വിളിച്ചുപറഞ്ഞിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പന്ത്രണ്ടുമണിക്ക് എത്താമെന്ന മറുപടിയാണ് ഓഫീസില്‍ നിന്നു കിട്ടിയതെന്നും യഥാസമയം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കില്‍ ഈ ദാരുണമരണം സംഭവിക്കില്ലായിരുന്നുവെന്നും മുഹമ്മദ് ഷായുടെ ബന്ധുക്കള്‍.
https://www.facebook.com/Malayalivartha