പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പണിവച്ചു. പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് സർക്കാരിന് പണി കിട്ടിയത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഡിജിറ്റൽ സർവകലാശാലയിലെ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു. ഗവർണർ ആർലേക്കറുമായി രമ്യതയിലെത്താൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രി പ്രോ ചാൻസലറായിരിക്കുന്ന ഡിജിറ്റൽ സർവകലാശാലയിലെ കോടികളുടെ അഴിമതിയാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി. വകുപ്പിന് കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. അതിനാൽ മുഖ്യമന്ത്രിയാണ് സർവ്വകലാശാലയുടെ പ്രോ ചാൻസലർ.
സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ സിസാ തോമസ് ഫയലുകളും രസീതുകളും പരിശോധിച്ചപ്പോൾ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു ഐ ടി, വ്യവസായ വകുപ്പുകൾക്ക് പുറമേ വൻകിട സ്വകാര്യ സ്ഥാപനങ്ങളുടെയും കരാറുകൾ സർവ്വകലാശാലയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് സർവകലാശാല നേരിട്ട് നിർവഹിക്കാതെ മറ്റു പലർക്കും മറിച്ച് വിൽക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സർവകലാശാലയിലെ ഫാക്കൽറ്റിയും കരാറുകൾ എടുക്കുന്നവരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. സർവകലാശാലയിലെ ഫാക്കൽറ്റികളിൽ പലർക്കും സ്വന്തമായി ഐടി കമ്പനി ഉണ്ടെന്നും ഡോ. സിസ തോമസ് കണ്ടെത്തി. പലതിന്റെ പേരിലും വ്യാജ രസീതുകൾ സർവകലാശാലയിൽ ഹാജരാക്കിയിട്ടുണ്ട്.
സർവകലാശാല സ്ഥാപിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ല. ഡോക്ടർ സിസ്സയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് ഗവർണർ ആവശ്യപ്പെട്ടത് . ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടത്. കാരണം സർവകലാശാലയിൽ ഓഡിറ്റ് നടത്തിയാൽ കള്ളി വെളിച്ചത്താകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. താൽക്കാലിക വിസിയായിരുന്ന ഡോക്ടർ സിസാ തോമസ് ഹൈക്കോടതി ഉത്തരവ് പ്രകാരം പുറത്തായി. സർക്കാരിന്റെ നിർദ്ദേശപ്രകാരം വി.സി.യെ നിയമിക്കണമെന്നാണ് കോടതിവിധി.
തങ്ങൾക്ക് താല്പര്യമുള്ളയാളെ വി സിയായി നിയമിക്കാനുള്ള ശ്രമം സർക്കാർ തുടങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഗവർണർ സന്ദർശനം. എന്നാൽ കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ മാരുടെ നിയമനം നിയമപരമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ സുപ്രീം കോടതിയിൽ ഇന്നോ നാളെയോ അപ്പിൽ നൽകും. ഇതിന്റെ സാധ്യതകൾ തേടി ഗവർണറുടെ അഭിവാഷകൻ പി ശ്രീകുമാർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വി.സിമാരെ ഗവർണർക്ക് സ്വന്തം നിലയിൽ നിയമിക്കാനാവില്ല എന്നാണ് നിയമമെന്ന് സർക്കാർ പറയുന്നു.
സർക്കാരിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സർക്കാരിന്റെ വാദം. ഈ വാദങ്ങൾ വിലയിരുത്തിയ കോടതി സ്ഥിരം വീ സി നിയമനത്തിൽ ഇനി കാലതാമസം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. കണ്ണൂർ മുൻ വി സി ഗോപിനാഥ് രവീന്ദ്രന്റെ കേസിൽ വി സി മാരുടെ നിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് സുപ്രീംകോടതിയിൽ രാജ്ഭവൻ ഉയർത്താൻ പോകുന്ന നിലപാട് . സംസ്ഥാനത്തിന് നിയമമുണ്ടെങ്കിലും അതിനുമേൽ സുപ്രീംകോടതി വിധി വന്നാൽ ആ വിധിയാണ് നിലനിൽക്കുന്നത്.
അതിനാലാണ് ശുപാർശ ഇല്ലാതെ താൽക്കാലിക വി.സിയെ നിയമിച്ചതെന്നാണ് ഗവർണറുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ പറയുന്നത്. സ്ഥിരം വി സി മാരുടെ വിഷയത്തിലെ വിധി താൽക്കാലിക വി.സിമാരുടെ നിയമന കാര്യത്തിൽ ബാധകമാകില്ലെന്നും താൽക്കാലിക വി.സിമാരെ ഏകപക്ഷീയമായി ഗവർണർ നിയമിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിക്കുന്നു. താത്ക്കാലിക വി സി എന്നൊരു പദവിയിൽ നിന്നും ഒരു ദിവസത്തേക്ക് നിയമിച്ചാലും അദ്ദേഹം വൈസ് ചാൻസലർ ആണ്. അതിനാൽ സുപ്രീം കോടതി വിധി വി.സി. മാരുടെ കാര്യത്തിൽ ബാധകമാണെന്നാണ് രാജ്ഭവന്റെ നിലപാട്.ഡിജിറ്റൽ യൂണിവേഴ്സിററിയിൽ എന്തുനടന്നാലും അത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും. മുൻ ഐ എഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ ആശീർവാദത്തോടെയാണ് ഡിജിറ്റൽ വാഴ്സിറ്റി ആരംഭിക്കുന്നത്.
അതുകൊണ്ടു തന്നെ ഇത് അഴിമതിക്ക് പേരുകേട്ട സ്ഥാപനമാണെന്ന് തുടക്കം മുതൽ അറിയാമായിരുന്നു.മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഐ. റ്റി. അധിഷ്ഠിത കാര്യങ്ങൾ നിർവഹിക്കാനുള്ള ഒരു സ്വന്തം സർവകലാശാല എന്ന നിലയ്ക്കാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രവർത്തനം തുടരുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കിഫ്ബി മാതൃകയിൽ ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഐ.ടി.വകുപ്പാണ്.ഓഡിറ്റ് സംബന്ധിക്കുന്ന നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം എല്ലാ വരവു-ചെലവും പരിശോധിക്കാൻ സി ആന്റ് എ.ജിക്ക് അധികാരമുണ്ട്. എന്നിട്ടും കിഫ്ബിയിൽ ഓഡിറ്റ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സി ആന്റ് എജി സംസ്ഥാന സർക്കാരിന് കത്തയക്കുകയായിരുന്നു.
കത്തുകൾ കൈപ്പറ്റിയ സർക്കാർ ഓഡിറ്റ് അനുവദിക്കാനാവില്ലെന്ന് നിലപാട് എടുത്തു.യഥാർത്ഥത്തിൽ ഓഡിറ്റ് നടത്താൻ കത്ത് അയച്ച് അനുവാദം ചോദിക്കേണ്ട കാര്യം എ, ജിക്കില്ല. അത് നിരസിക്കാനുള്ള അധികാരം സർക്കാരിനുമില്ല. ഗണ്യമായി സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങൾ ഏ.ജി ഓഡിറ്റിന് വിധേയമാണെന്നാണ് നിയമത്തിലെ വകുപ്പ് 14(1) ൽ പറയുന്നത്. സർക്കാർ പണം കൈപ്പറ്റുന്ന സ്ഥലങ്ങളിൽ ഓഡിറ്റ് വേണോ വേണ്ടയോ എന്നതിൽ പ്രസക്തിയില്ല . എല്ലാ വരവു-ചെലവുകളും ഓഡിറ്റ് ചെയ്യണമെന്നാണ് ചട്ടം. സർക്കാർ നൽകുന്ന വാർഷിക ഗ്രാന്റ് 25 ലക്ഷത്തിൽ കുറയാതിരിക്കുന്ന സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാണ് .
ആകെ ചെലവിന്റെ 75 ശതമാനത്തിൽ കുറയാത്ത സഹായമായിരിക്കണം ഇത്. കിഫ്ബിക്ക് വായ്പാ വരുമാനം ഗണ്യമായി കിട്ടുകയും ഗ്രാന്റ് ആകെ ചെലവിന്റെ 75 ശതമാനം എത്താതിരിക്കുകയും ചെയ്താലും വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റിന് പുറത്തേക്ക് സ്ഥാപനം പോകില്ല. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ഇത് ബാധകമാണ്.കിഫ്ബിക്ക് സി&എജി ഓഡിറ്റ് ബാധമാണ്. അത് 14(1) പ്രകാരമാണ് നടക്കേണ്ടത് . 14(1) ന്റെ പരിധിയിൽ നിന്നും പുറത്തുപോയി എന്നു വന്നാൽ 14(2) ആണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ ഓഡിറ്റ് അനിവാര്യമായി തീരും . ഒരു പരിമിതിയുമില്ലാതെ അടുത്ത രണ്ടു വർഷത്തേയ്ക്ക് അത് തുടരാൻ ഒരു തടസ്സവുമില്ല. എന്നിട്ടും സി&എജി കത്ത് അയച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
അതിന്റെ കാരണം കേന്ദ്ര സർക്കാർ അന്വേഷിക്കും. എ.ജി ഒരു ഭരണഘടനാ സ്ഥാപനമാണെങ്കിലും നടത്തിപ്പിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ട്. ഇതേ കാര്യം തന്നെയാണ് ഡിജിറ്റൽ സർവകലാശാലയിലും ബാധകം. കേരള ഡിജിറ്റൽ സർവകലാശാലയെ മറയാക്കി ഗ്രഫീൻ ഗവേഷണത്തിന്റെപേരിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കൈക്കലാക്കാനുള്ള സർക്കാർ ഉന്നതരുടെ ശ്രമം ഗവർണറുടെ ഇടപെടലിലൂടെ ഇല്ലാതായത് ഏതാനും ദിവസങ്ങൾ മുമ്പാണ്. .രണ്ടു സ്വകാര്യ വ്യക്തികളെ മുന്നിൽ നിർത്തി പണം കൈക്കലാക്കാനാണ് സർക്കാർ സി പി എം ഉന്നതർ ശ്രമിച്ചതെന്നാണ് ആരോപണം. കേന്ദ്രത്തെ പറ്റിച്ച് കോടികൾ അടിച്ചുമാറ്റാനുള്ള നീക്കം കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ അന്വേഷിക്കുമെന്നാണ് സൂചന. ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
ഭാവിയുടെ പദാർഥമെന്ന് വിശേഷിപ്പിക്കുന്ന, ഇപ്പോഴും പൂർണമായും വികസിച്ചിട്ടില്ലാത്ത ഗ്രഫീനിൽ ഗവേഷണ-സംരംഭക പദ്ധതി പ്രഖ്യാപിച്ചാണ് ഉന്നതബന്ധമുള്ള ചിലരുടെ നേതൃത്വത്തിൽ ഇതിനുള്ള നീക്കം നടത്തിയത്. വ്യക്തികളിൽ കേന്ദ്രീകരിച്ചാണ് നീക്കങ്ങൾ ആരംഭിച്ചതെങ്കിലും സംസ്ഥാന വ്യവസായവകുപ്പ് പദ്ധതി ഏറ്റെടുത്തതോടെ കൂടുതൽ വിശ്വാസ്യത കൈവരിക്കുകയായിരുന്നു.രാജ്യത്തെ ആദ്യ ഗ്രഫീൻ ഗവേഷണകേന്ദ്രം എന്നനിലയ്ക്ക് ഏറെ കൊട്ടിഘോഷിച്ചാണ് കേരളം ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡിജിറ്റൽ സർവകലാശാലയ്ക്കൊപ്പം ടാറ്റാ സ്റ്റീൽ സഹകരിക്കുമെന്ന് വൻ പ്രചാരമുണ്ടായിരുന്നെങ്കിലും
പിന്നീട് ടാറ്റാ സ്റ്റീൽ പദ്ധതിയിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഹുഡായിപ്പ് കണ്ടു പിടിച്ചതുകാരണമാണ് ടാറ്റ പിൻമാറിയതെന്ന് പറയപ്പെടുന്നു .കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ വകുപ്പും സംസ്ഥാന സർക്കാരും ചേർന്ന് 'ഗ്രഫീൻ അരോറ' എന്നു പേരിട്ട പദ്ധതിക്കായി 94.85 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് കേന്ദ്രം 37.63 കോടിയും സംസ്ഥാനം 47.22 കോടിയും അനുവദിക്കുമ്പോൾ സ്വകാര്യ വ്യവസായ സംരംഭകരിൽനിന്ന് 10 കോടി സമാഹരിക്കാമെന്നും രേഖയിൽ പറയുന്നു. ഇതിനുപുറമേ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഗ്രഫീൻ പൈലറ്റ് ഉത്പാദനകേന്ദ്രം സ്ഥാപിക്കാനായി 237 കോടിയുടെ മറ്റൊരു പദ്ധതിയും സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു.
2024-25 വർഷത്തിൽ പദ്ധതിക്കുള്ള ആദ്യഘട്ടമായി കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രാലയം ഡിജിറ്റൽ സർവകലാശാല വഴി അനുവദിച്ച 3.94 കോടി ചെലവഴിച്ചതിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിച്ചാണ് വൈസ് ചാൻസലർ ഡോ. സിസ തോമസ് ഇപ്പോൾ ഗവർണർക്ക് കത്തെഴുതിയത്.2023 ഓഗസ്റ്റ് 16-ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ഗ്രഫീൻ അരോറ പദ്ധതിക്ക് ഭരണാനുമതി നൽകുമ്പോൾ അതു ലഭിച്ച ഇന്ത്യ ഗ്രഫീൻ എൻജിനിയറിങ് ആൻഡ് ഇനവേഷൻ സെന്റർ (ഐ-ജി ഇഐസി) എന്ന കമ്പനി നിലവിൽവന്നിട്ടില്ല. രജിസ്ട്രാർ ഓഫ് കമ്പനീസിലെ രേഖകൾപ്രകാരം ഒക്ടോബർ 16-നാണ് ഈ കമ്പനി നിലവിൽവന്നിട്ടുള്ളത്.അതായത് ഇല്ലാത്ത കമ്പനിക്ക് ഭരണാനുമതി നൽകിയെന്ന് ചുരുക്കം.
എന്നാൽ, പിന്നീട് ഈ ക്രമക്കേട് തിരിച്ചറിഞ്ഞ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം തിരുത്തൽ ഉത്തരവ് പുറപ്പെടുവിച്ചു. 2024 ഫെബ്രുവരി 29-നിറങ്ങിയ പുതിയ ഉത്തരവു പ്രകാരം ഐ- ജി ഇഐസി ഏറ്റെടുത്തിട്ടുള്ള ഗ്രഫീൻ അരോറ പദ്ധതിയുടെ നടത്തിപ്പുചുമതല കേരള ഡിജിറ്റൽ സർവകലാശാലയ്ക്കായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഇതിനുശേഷം ഡിജിറ്റൽ സർവകലാശാലയ്ക്ക് കേന്ദ്രം അനുവദിച്ച തുക നടപടിക്രമങ്ങൾ പാലിക്കാതെ ഐ-ജി ഇഐസിക്ക് കൈമാറിയിട്ടുണ്ടെന്ന് വി സി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇവിടെയാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് ഗ്രഫീൻ അറോറ പദ്ധതി നടപ്പാക്കാൻ രംഗത്തുവന്ന സ്വകാര്യ കമ്പനിയുടെ സ്ഥാപകരിൽ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള രണ്ടുപേരുണ്ടെന്നാണ് ആരോപണം. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സ്പോൺസറിങ് ഏജൻസിയായ ഐഐഐടിഎംകെയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗങ്ങളായ റിട്ട. ഐഎഎഎസ് ഉദ്യോഗസ്ഥൻ
മാധവൻ നമ്പ്യാരും പ്രൊഫ. അലക്സ് ജെയിംസുമാണ് ഇന്ത്യ ഗ്രഫീൻ എൻജിനിയറിങ് ആൻഡ് ഇന്നവേഷൻ സെന്റർ (ഐ-ജിഇഐസി) എന്ന കമ്പനിയുടെ സ്ഥാപകരിൽ രണ്ടുപേർ. ഡിജിറ്റൽ സർവകലാശാലയിലെ അധ്യാപകൻകൂടിയാണ് അലക്സ് ജെയിംസ്.ഇവർക്ക് പിന്നിൽ ഉന്നത സർക്കാർ വ്യത്തങ്ങൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഇവരുൾപ്പെടെ നാലുപേരാണ് കമ്പനിയുടെ ഡയറക്ടർമാർ. തിരുവനന്തപുരത്ത് അംബുജവിലാസം റോഡിലെ ഒരു കെട്ടിടമാണ് കമ്പനിയുടെ ഓഫീസായി, രജിസ്ട്രാർ ഓഫ് കമ്പനീസിൽ നൽകിയിട്ടുള്ളത്. എന്നാൽ, കമ്പനിയുടെ വെബ്സൈറ്റിൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ ഒരു മേൽവിലാസമാണ് ആസ്ഥാനമായി കാണിച്ചിട്ടുള്ളത്.
കമ്പനി സമർപ്പിച്ച ബില്ലുകളിലും ഇൻവോയ്സുകളിലും വൗച്ചറുകളിലും ഈ രണ്ട് വിലാസങ്ങൾകൂടാതെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന പള്ളിപ്പുറം കമ്പനിയുടെ വിലാസമായി കാണിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ സിസാ തോമസ് ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രംഗത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയെ മുന്നിൽ നിർത്തി കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഗ്രഫീൻ ഗവേഷണത്തിനുവേണ്ടി സ്വകാര്യ കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം വേണമെന്നും ഇടപാടുകൾ സിഎജി അന്വേഷിക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത് അവസാനം പുറത്തുവന്ന അഴിമതിയാണ്. ഇത്തരത്തിൽ എത്രത്തോളം അഴിമതികൾ നടന്നിട്ടുണ്ടെന്ന് പരിശോധിക്കാനാണ് ഓഡിറ്റിന് കളം ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കലഹം അവസാനിച്ചെന്ന് പത്രങ്ങൾ കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്.
https://www.facebook.com/Malayalivartha