ഇന്ത്യക്ക് കനത്ത തിരിച്ചടിയേകി പ്രമുഖ താരങ്ങളുടെ പരിക്ക്...

മൂന്നില്‍ രണ്ട് മത്സരങ്ങളിലും തോറ്റ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പിറകിലായ ഇന്ത്യക്ക് കനത്ത തിരിച്ചടിയേകി പ്രമുഖ താരങ്ങളുടെ പരിക്ക്. കാല്‍മുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇനി പരമ്പരയില്‍ കളിക്കാനാവില്ല. പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങും ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ കാര്യത്തിലും ആശങ്ക തുടരുന്നു.
ജയം അനിവാര്യമായ നാലാം ടെസ്റ്റിലെ സംഘത്തില്‍ നിന്ന് നിതീഷും അര്‍ഷ്ദീപും പുറത്തായിട്ടുണ്ട്. ആകാശിന്റെ കാര്യത്തില്‍ ആശങ്ക തുടരുമ്പോള്‍ ഋഷഭ് ഇറങ്ങുമോയെന്നും സംശയമാണ്. പേസര്‍ അന്‍ഷുല്‍ കംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തി്. ഓള്‍ഡ് ട്രാഫോഡില്‍ ബുധനാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്.
ഞായറാഴ്ച ജിമ്മില്‍ പരിശീലിക്കവേ പരിക്കേല്‍ക്കുകയായിരുന്നു നിതീഷിന്. രണ്ടും മൂന്നും ടെസ്റ്റുകളില്‍ താരം കളിച്ചിട്ടുണ്ടായിരുന്നു . എഡ്ജ്ബാസ്റ്റണില്‍ നിറംമങ്ങിയെങ്കിലും ലോര്‍ഡ്‌സില്‍ തരക്കേടില്ലാത്ത ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതിനാല്‍ മൂന്നാം ടെസ്റ്റ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. ഒന്നാം ടെസ്റ്റില്‍ കളിച്ച പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ ഷാര്‍ദുല്‍ ഠാക്കൂറിനെ നാലാം ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
https://www.facebook.com/Malayalivartha