പ്രൊഫ. എം കെ സാനു അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും പ്രഗല്‍ഭ അധ്യാപകനും പ്രഭാഷകനുമായ എംകെ സാനു അന്തരിച്ചു. ഇന്ന് അഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. 98വയസായിരുന്നു. ജീവചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീനിലകളിലും വ്യക്തമുദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് . ഇന്റര്‍നാഷണല്‍ ബോഡി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.
1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991ല്‍ കൊല്ലത്തെ കുങ്കുമം വാരികയില്‍ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ശ്രീ നാരായണ ചെയറില്‍ സാനുമാഷ് നിയമിക്കപ്പെട്ടു. കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവര്‍ക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ് . വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡിന്റെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു അദ്ദേഹം.
1927 ഒക്ടോബര്‍ 27ന് പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983 ല്‍ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ല്‍ കേരള സര്‍വകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 ല്‍, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാര്‍ഡ് നേടി. 2011 ല്‍ 'ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍' ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി.
https://www.facebook.com/Malayalivartha