അൻസിലിനെ ഇല്ലാതാക്കിയതിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതും; കോളേജ് പഠനകാലത്ത് തന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പം...

കാമുകന്മാരെ ഇല്ലാതാക്കാനായി ഗ്രീഷ്മയും, അദീനയും സ്വീകരിച്ചത് ശീതള പാനീയത്തിൽ പാരക്വിറ്റ് കലർത്തി ഇല്ലാതാക്കുന്ന രീതി. കാമുകനെ ഇല്ലാതാക്കാൻ ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ്. ആർക്കും സംശയം തോന്നാത്ത രീതിയിൽ എളുപ്പത്തിൽ ഒരാളെ ഇല്ലാതാക്കാൻ പാരക്വിറ്റ് മികച്ചതാണെന്ന് വ്യക്തമായതോടെ പുരുഷ സുഹൃത്ത് അൻസിലിനെ ഇല്ലാതാക്കാനും അതുതന്നെ തിരഞ്ഞെടുത്തു. ഈ കീടനാശിനി ശരീരത്തിനുളളിൽ എത്തപ്പെട്ടാൽ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. തുടർന്ന് വ്യക്തമായ പ്ലാനിംഗോടെ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ കളനാശിനി ചേർത്ത് നൽകുകയായിരുന്നു.
2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. പാരക്വിറ്റ് ശരീരത്തിനുള്ളിൽ കടന്നാൽ മറുമരുന്നുകളില്ല. അതിനാൽത്തന്നെ പുറംനാടുകളിൽ പലയിടങ്ങളിലും ഇത് ലൈസൻസുള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എന്നാൽ നമ്മുടെ നാട്ടിൽ എവിടെയും വാങ്ങാൻ കിട്ടും.
സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതുമാണ് അൻസിലിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. കോളേജ് പഠനകാലത്ത് കാമുകൻ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്നുകാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. അമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു അഥീന കഴിഞ്ഞിരുന്നത്.
ബന്ധുക്കൾ അടുത്തുതന്നെ താമസമുണ്ടെങ്കിലും അവരുമായി അടുപ്പമുണ്ടായിരുന്നില്ല. അയൽക്കാരോടുപോലും അടുപ്പമില്ലായിരുന്നു. ഒരുവർഷം മുമ്പ് സുഹൃത്തുവഴിയാണ് അൻസിലും അഥീനയും പരിചയപ്പെടുന്നത്. തുടർന്ന് നല്ല അടുപ്പത്തിലായി. സാമ്പത്തിക ഇടപാടുകളും ഇവർ തമ്മിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ മൊഴി. സംഭവദിവസം രാത്രി അന്‍സിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തുമാറ്റുകയും ദൃശ്യങ്ങളും നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു. അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലർച്ചെയാണ് അൻസിൽ എത്തിയത്.
അൻസിൽ കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ അഥീന ഡിസ്‌പോസിബിൾ ഗ്ലാസിൽ ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു. വിഷം അകത്തുചെന്ന അൻസിൽ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അഥീന അൻസിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അഥീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്.
തുടർന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ 31നു രാത്രിയാണ് അൻസിൽ മരിച്ചത്. ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാൾ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അഥീന അവിവാഹിതയാണ്. അഥീന വിഷംനൽകിയെന്ന് ആംബുലൻസിൽ വച്ച് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് അഥീന പൊലീസിനു നൽകിയ മൊഴി. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചു. പണം നൽകാമെന്ന് അൻസിലിന്റെ വാഗ്ദാനത്തെ തുടർന്നാണ് പരാതി പിൻവലിച്ചത്. എന്നാൽ ഇതു നൽകാത്തതിനെ തുടർന്ന് അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും വഴക്കുണ്ടായി.
തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്. അൻസിലിന്റെ ഭാര്യയോടും അഥീന പണം ചോദിച്ചിരുന്നതായാണ് വിവരം. അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേൽക്കുകയും കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതാണ് മരണ കാരണം. കൃത്യം നടത്താൻ അഥീനയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി അഥീനയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ റിമാൻഡിലുള്ള അഥീന കാക്കനാട് വനിതാ ജയിലിലാണുള്ളത്.
https://www.facebook.com/Malayalivartha

























