ലഹരി മാഫിയ ആറ്റിങ്ങലില്‍ യുവാവിനെ വിളിച്ചു വരുത്തി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്...തൊണ്ടി മുതലുകളുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ് എസ് എല്‍) റിപ്പോര്‍ട്ട് 27 ന് ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ അന്ത്യശാസനം

വക്കം സ്വദേശിയും 25 കാരനുമായ അപ്പു എന്ന എന്ന ശ്രീജിത്തിനെ ഗുണ്ടകുര്യന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ ആറ്റിങ്ങല്‍ ആനൂപ്പാറയില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ശ്രീജിത്ത് കൊലക്കേസിലെ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ് എസ് എല്‍) റിപ്പോര്‍ട്ട് 27 ന് ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ അന്ത്യശാസനം.
റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് 4 തവണ കേസ് പരിഗണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ അലംഭാവം കാട്ടിയതിനാലാണ് എഫ് എസ് എല്‍ ഡയക്ടറര്‍ക്ക് അന്ത്യശാസനം നല്‍കിയത്. അതേ സമയം മറ്റൊരു കേസില്‍ ജില്ലാ ജയിലില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നാം പ്രതി കുര്യന് പ്രൊഡക്ഷന്‍ വാറന്റ് അയക്കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ലഹരി മാഫിയകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വക്കം മണക്കാട് വീട്ടില്‍ സുരേന്ദ്രന്‍ -ഗിരിജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രീജിത്താണ് (25) മര്‍ദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. 2023 ആഗസ്റ്റ് 18 ന് വൈകിട്ട് 6 ന് വക്കത്ത് നിന്നും 12 കി.മി അകലെയുള്ള ഊരു പൊയ്കയില്‍ വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വിവാഹ വീട്ടില്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ഗുണ്ട കുര്യന്‍ എന്ന വിനീത്.
ലഹരി വില്‍പനയുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കേസ്. ചവിട്ടും വടി ഉപയോഗിച്ചുള്ള അടിയും ഏറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.കൊലക്ക് ശേഷം ഏതോ വാഹനം തട്ടി റോഡ് വക്കില്‍ കിടന്നതാണെന്ന് പറഞ്ഞ് 2 പ്രതികള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചതോടെ ഒരു പ്രതി മുങ്ങി. ആശുപത്രിയില്‍ നിന്ന് അറിയിച്ച പ്രകാരം പോലീസ് എത്തി കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആകെ 16 പ്രതികള്‍; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തര്‍ 8 ; മറ്റുള്ളവര്‍ പ്രതികളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവരാണ്. ഗുണ്ട കുര്യന്‍ എന്ന വിനീത്, വിജിത് എന്ന ജിത്തു , തുമ്പിടി എന്ന പ്രണവ്, ജിത്തു എന്ന ശ്രീജിത്, നിപിന്‍ , വിശാഖ്, അഭി എന്ന വിഷ്ണു , അഭി എന്ന അഭിഷേക്, വാളിക്കോട് സ്വദേശി രാഹുല്‍ എന്ന മോന്‍കുട്ടന്‍ (26), ഊരുപൊയ്ക സ്വദേശി പഞ്ചായത്ത് എന്ന രാഹുല്‍ ദേവ്(26), കിഴുവിലം സ്വദേശി അറഫ് ഖാന്‍(26), വാമനപുരം സ്വദേശി അനുരാഗ്(24), കാരേറ്റ് സ്വദേശി അച്ചു എന്ന രാഹുല്‍(26), തക്കു എന്ന ആദര്‍ശ്, മനോജ്, ചോപ്ര എന്നും കണ്ണനെന്നും വിളിപ്പേരുള്ള ആനന്ദ് എന്നിവരാണ് 1 മുതല്‍ 16 വരെ പ്രതികള്‍. പ്രതികളില്‍ ഒരാളായ വിജിത്ത് ആണ് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പായതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവ ദിവസം രാത്രി 11 ഓടെയാണ് രാഹുലും അഖില്‍ കൃഷ്ണനും ചേര്‍ന്ന് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ രാഹുല്‍ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി ജീവനക്കാര്‍ അഖില്‍ കൃഷ്ണയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇതിനിടയില്‍ ഇവരെ തേടി ആശുപത്രിയിലെത്തിയ വൈശാഖിനെയും സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രാഹുലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.
കഠിനംകുളം എസ്‌ഐ ചന്ദദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ലഹരി മാഫിയ ആറ്റിങ്ങല്‍ മേഖലയില്‍ വ്യാപകമാണെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലഹരി മാഫിയയെ സഹായിച്ചെന്ന ആരോപണത്തില്‍ ആറ്റിങ്ങല്‍ സി.ഐ ആയിരുന്ന തന്‍സീര്‍ മുഹമ്മദിനെതിരെ സംഭവ കാലത്ത് വകുപ്പുതല നടപടിയും ഉണ്ടായി.
https://www.facebook.com/Malayalivartha






















