എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം... വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കേരളാതീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങി മീന്‍പിടിത്തം തടസ്സപ്പെടുകയും ബോട്ടുകള്‍ക്ക് തകരാറ് ഉണ്ടാവുകയും ചെയ്തതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇതേ കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാനായി ഹൈക്കോടതി ഉത്തരവ്.
നിലവിലിപ്പോള്‍ വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. 2.79 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഴ് ബോട്ട് ഉടമകള്‍ നല്‍കിയ അഡ്മിറാല്‍റ്റി സ്യൂട്ടില്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന തുക കോടതിയില്‍ കെട്ടിവച്ചാല്‍ കപ്പല്‍ വിട്ടയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മീന്‍ പിടിക്കുന്നതിന് തടസ്സമായെന്നും വലകള്‍ നശിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. മെയ് 25നാണ് എംഎസ്-സി എല്‍സ 3 കപ്പല്‍ മുങ്ങിയത്.
നഷ്ടപരിഹാരം തേടി കഴിഞ്ഞദിവസം നാല് ബോട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ എംഎസ്-സി കമ്പനിയുടെ പലേര്‍മോ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2.60 കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. എംഎസ്-സി എല്‍സ 3 കപ്പല്‍ മുങ്ങി ചരക്കുനഷ്ടം സംഭവിച്ച കശുവണ്ടി കമ്പനി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇതേ കമ്പനിയുടെ അകിറ്റെറ്റ 2 എന്ന കപ്പല്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നഷ്ടപരിഹാരത്തുക കെട്ടിവച്ച് മോചിപ്പിച്ചു
"
https://www.facebook.com/Malayalivartha






















