സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന എട്ടുവയസുകാരി ഓടയില്‍ വീണ് മരിച്ചു

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ട് വയസുകാരി ഓടയുടെ മുകളിലെ സ്ലാബിലൂടെ നടക്കുന്നതിനിടെ ഓടയില്‍ വീണു മരിച്ചു. 50 മീറ്ററോളം ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം പിന്നീട് നാട്ടുകാരാണ് പുറത്തെടുത്തത്. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. അഫ്രീന്‍ എന്ന എട്ട് വയസുകാരി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. റോഡും നിര്‍മ്മാണത്തിലിരിക്കുന്ന ഓടയും വെള്ളത്തില്‍ മുങ്ങിയതിനാല്‍, ഓടയുടെ മുകളിലെ സ്ലാബിലൂടെയാണ് കുട്ടി നടന്നിരുന്നത്.
എന്നാല്‍, ഓടയുടെ ഒരു ഭാഗത്ത് സ്ലാബ് ഇല്ലാതിരുന്നതിനാല്‍ അഫ്രീന്‍ അതിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന അനുജന്‍ സഹായത്തിനായി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. 50 മീറ്ററോളം ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹമാണ് അവര്‍ കണ്ടെത്തിയത്. ഒരാള്‍ കുട്ടിയെ ഓടയില്‍ നിന്ന് പുറത്തെടുക്കുന്നതും, പിന്നീട് സിപിആര്‍ നല്‍കുന്നതും പുറത്ത് വന്ന വീഡിയോകളില്‍ കാണാം. കുട്ടി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു നാട്ടുകാരന്‍ കുട്ടിയെ ചുമലിലെടുത്ത് മഴയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കരാറുകാരന്റെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവും തൊഴിലാളിയുമായ അനീഷ് ഖുറേഷി ആരോപിച്ചു. പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്ന മകളെ ഒരു മദ്രസയില്‍ ചേര്‍ത്തിരുന്നുവെന്നും, ഡോക്ടറാകണമെന്നായിരുന്നു അവളുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ അദ്ദേഹത്തിന്റെ ഭാര്യ ആസ്മാന്‍ ദുഃഖം സഹിക്കാനാവാതെ വിതുമ്പുകയായിരുന്നു.
https://www.facebook.com/Malayalivartha