ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചു.. 48 മണിക്കൂറിൽ അതിശക്തമായ മഴ..ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കവും..

ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിൽ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 14, 15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ മാത്രമല്ല ഹിമാചൽ പ്രദേശ് മേഖലകളിലും കനത്ത ദുരന്തമാണ് മഴ വരുത്തി വച്ചിരിക്കുന്നത് , അവിടെ നിന്ന് വരുന്ന ദൃശ്യങ്ങളും വാർത്തകളും സ്ഥിതി ഗുരുതരമാണ് എന്ന് തെളിയിക്കുന്നതാണ് .
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ഉണ്ടായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 60 മുതൽ 65 പേരെയാണ് കാണാതായതെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായിയെന്ന് പ്രദേശവാസികൾ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനം ആരംഭിക്കാനും ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.
സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.അതിനിടയിലാണ് വീണ്ടും ദുരന്തം ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുളു, ഷിംല, ലാഹുൽ-സ്‌പിതി തുടങ്ങിയ ജില്ലകളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കിനാവൂർ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശ്രീഖണ്ഡ് മഹാദേവ് മലനിരകളിലാണ് മേഘവിസ്‌ഫോടനമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മണ്ഡിയിലുള്ള താത്‌കാലിക പാലം കടക്കുന്നതിനിടെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. ഭാൻവാസ് ഗ്രാമവാസിയായ പുരൻ ചന്ദ് ആണ് മരിച്ചത്. നൂറ് മീറ്ററോളം ഇയാൾ ഒഴുകിപ്പോയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് കുളുവിലെ ബാഗിപൂർ ബസാർ ഒഴിപ്പിച്ചു. കുളുവിലെ ബതാഹർ ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വാഹനങ്ങൾ ഒഴുകിപ്പോവുകയും നാല് കോട്ടേജുകൾ തകരുകയും ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന് തീർത്ഥൻ നദി കരവിഞ്ഞൊഴുകിയതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു.
നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.ലാഹുൽ-സ്‌പിതിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദോദൻ, ചാംഗുട്ട്, ഉഡ്‌ഗോസ്, കർപത്തുടങ്ങിയ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. വീടുകൾ തകർന്നു. വെള്ളപ്പൊക്കത്തിൽ പല വീടുകളിലും കല്ലും മണ്ണും കയറി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ സ്‌കൂളുകളും കുറച്ച് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് ലാഹുൽ-സ്‌പിതി എംഎൽഎ അനുരാധ റാണ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ചാംഗുട്ട്, ഉഡ്‌ഗോസ് പാലങ്ങൾ ഒലിച്ചുപോയതായും അധികൃതർ വ്യക്തമാക്കുന്നു.
ഹിമാചൽ പ്രദേശിലുടനീളമുള്ള 323 റോഡുകൾ അടച്ചു. 130 ജലസ്രോതസുകളിലും 79 ട്രാൻസ്‌ഫോർമറുകളിലും പ്രവർത്തനം നിലച്ചതായും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കഴിഞ്ഞ മാസവും ഹിമാചലിൽ മേഘവിസ്‌ഫോടവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. അനേകം പേർക്ക് ജീവൻ നഷ്ടമായി. കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്.ബുധനാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ശ്രീഖണ്ഡ് ഹില്ലിൽ മേഘസ്ഫോടനമുണ്ടായി. തുടർന്ന് കുർപാൻ മലയിടുക്കിൽ വെള്ളപ്പൊക്കമുണ്ടായി. ബാഗിപുൾ മാർക്കറ്റ് ഉടൻ തന്നെ ഒഴിപ്പിച്ചു. മലയിടുക്കിന്റെ തീരങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 325 റോഡുകൾ അടച്ചിട്ടു. ഇതിൽ 179 റോഡുകൾ മാണ്ഡി ജില്ലയിലും 71 എണ്ണം കുളു ജില്ലയിലുമാണ്.മിന്നൽ പ്രളയത്തിൽ വിവിധ പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. കിന്നൗർ പൊലീസ് സൂപ്രണ്ടിന്റെ അടിയന്തര അറിയിപ്പിനെത്തുടർന്ന് സൈന്യം ഉടൻ തന്നെ മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച്എഡിആർ) സംഘത്തെ നിയോഗിച്ചു. രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടർന്നു. പ്രദേശത്ത് കുടുങ്ങിക്കിടന്ന നാല് സാധാരണക്കാരെ കണ്ടെത്തി.
ഇവരെ സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഒരാൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ റെക്കോംഗ് പിയോയിലെ റീജിയണൽ ആശുപത്രിയിലേക്ക് മാറ്റി.ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2031 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹിമാചലിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 126 പേർ മരിച്ചു. 36 പേരെ കാണാതായി.കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം.
https://www.facebook.com/Malayalivartha