വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വക മാറ്റിയതു 11 കോടി

വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇത് കാരണം താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാത്തവണ്ണം ഗുരുതരമാണ് സര്‍വകലാശാലയുടെ ധനസ്ഥിതി. ലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി സര്‍വ്വകലാശാലയുടെ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് ക്യാമ്പസിലെ ഏഴേക്കര്‍ ഭൂമി ദേശീയപാതയ്‌ക്കായി വിട്ടുകൊടുത്തിരുന്നു. അതിന് ലഭിച്ച 23 കോടി രൂപയില്‍ 11 കോടിയാണ് വക മാറ്റി ചെലവഴിച്ചത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 80 കോടിയോളം രൂപ കുടിശ്ശിക ഉണ്ട്.
ഹൈവേ ഭൂമിയുടെ പണം കിട്ടിയത് ആസ്തിയായി സൂക്ഷിക്കണമെന്നാണ് ചട്ടമെങ്കിലും ആദ്യം ഇതില്‍ നിന്നു 10 കോടി രൂപ ചെലവിട്ടു. കഴിഞ്ഞ മാസം താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയപ്പോള്‍ 2.80 കോടി രൂപ മറ്റ് അക്കൗണ്ടുകളില്‍ നിന്ന് വക മാറ്റിയെടുത്തു. എന്നിട്ടും തികയാതെ വന്നപ്പോള്‍ ഹൈവേ അതോറിറ്റിയില്‍ നിന്നു ലഭിച്ച തുകയില്‍ നിന്ന് ഒരു കോടി കൂടി എടുക്കുകയായിരുന്നു.
ഓഡിറ്റ് തടസ്സം ഉണ്ടെങ്കിലും ഇതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് സര്‍വകലാശാല സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഈ മാസം അധ്യാപകര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ 2.5 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സര്‍ക്കാരിന്റെ പ്രതിമാസ ഗ്രാന്‍ഡ് 8.1 കോടിയില്‍ നിന്ന് 9.5 കോടി രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഓണത്തിന് ശമ്പളം മുടങ്ങുമെന്നും പതിവുള്ള ഉത്സവബത്ത നല്‍കാനാവില്ലെന്നും സര്‍വകലാശാല സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha