കുരുക്കായത് ശബ്ദസന്ദേശം... രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്; ഉചിത നടപടി വേണമെന്ന നിലപാടുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും; അതിവേഗം വളര്‍ച്ച, ആഴത്തില്‍ വീഴ്ച; കുരുക്കായത് ശബ്ദസന്ദേശം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികള്‍ ഇനിയും വരും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന നേതൃത്വം സ്വീകരിച്ച നടപടികളില്‍ ഓരോ ഘട്ടത്തിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. ആരോപണങ്ങള്‍ ശ്രദ്ധയില്‍പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉചിത നടപടി വേണമെന്നു നിലപാടെടുത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവനടി രംഗത്തുവന്നതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സംസ്ഥാന നേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലെന്ന വ്യക്തിയുടെയല്ല, മറിച്ച് കോണ്‍ഗ്രസിന്റെ പ്രതിഛായയ്ക്കാണു കളങ്കമേറ്റിരിക്കുന്നതെന്നും ശക്തമായ നടപടി അനിവാര്യമാണെന്നും വേണുഗോപാല്‍ അറിയിച്ചു. വിഷയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അദ്ദേഹം അറിയിച്ചു. നടപടിയുമായി മുന്നോട്ടുനീങ്ങാന്‍ അവര്‍ നിര്‍ദേശിച്ചു.
ജനപക്ഷത്തു നിന്നുള്ള നടപടിയാണു വേണ്ടതെന്ന സന്ദേശമാണു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡ് നല്‍കിയത്. സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിയാലോചനയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുലിനെ നീക്കാന്‍ ധാരണയായി. രാജി ചോദിച്ചു വാങ്ങില്ലെന്നും സ്വയം രാജി പ്രഖ്യാപനം നടത്തണമെന്നും രാഹുലിനോട് ആവശ്യപ്പെട്ടു. അധ്യക്ഷപദത്തില്‍നിന്നു നീക്കിയതോടെ വിവാദം കെട്ടടങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതു സൂചിപ്പിച്ചുള്ള പ്രതികരണം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി നടത്തുകയും ചെയ്തു.
എന്നാല്‍, യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തിറങ്ങിയതോടെ, കൂടുതല്‍ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലേക്ക് ഹൈക്കമാന്‍ഡ് എത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും കര്‍ശന നടപടിയെടുത്തേ തീരൂവെന്ന് ഉറച്ച നിലപാടെടുത്തു. 'സംസ്ഥാനത്ത് എന്തു തീരുമാനമെടുത്താലും ഞങ്ങള്‍ക്ക് ഒകെ ആണ്' എന്ന സന്ദേശം ഹൈക്കമാന്‍ഡ് കൈമാറി. പാര്‍ട്ടി എന്തു തീരുമാനിച്ചാലും അംഗീകരിക്കേണ്ടി വരുമെന്ന് രാഹുലിനെയും അറിയിച്ചു.
കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാവൂവെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എടുത്തുചാടിയുള്ള നടപടികള്‍ വേണ്ടെന്നും സംസ്ഥാന നേതാക്കള്‍ക്കു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. തീരുമാനത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പിന്നീടു ഭിന്നതയുണ്ടാകരുതെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാഗ്രതയും ഐക്യവും വേണമെന്നും മുന്നറിയിപ്പു നല്‍കി. എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാഹുലിന്റെ രാജിക്കു പകരം സസ്‌പെന്‍ഡ് ചെയ്യുന്നതാണ് ഉചിതമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോടു ഹൈക്കമാന്‍ഡ് യോജിച്ചു. ഔദ്യോഗികമായി പരാതി പോലുമില്ലാതെ എംഎല്‍എയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതു മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത മാതൃകയാണെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.
സമീപകാലത്തു കോണ്‍ഗ്രസില്‍ മറ്റാര്‍ക്കുമുണ്ടാകാത്ത പതനമാണു രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. ഉയര്‍ച്ചയുടെ വേഗം കൂടിയപ്പോള്‍ പതനത്തിന്റെ ആഴവും കൂടി. സാങ്കേതികത്വം പറഞ്ഞ് എംഎല്‍എയായി തുടരുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ നേരിട്ടതോടെ പാര്‍ട്ടിയുടെ സംരക്ഷണമില്ലാത്ത എംഎല്‍എയായി രാഹുല്‍ മാറും. കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങി 17ാം വര്‍ഷമാണു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തെ പാര്‍ട്ടിയാകെ പ്രചാരണരംഗത്തിറങ്ങി എംഎല്‍എയാക്കി. 2006 ല്‍ കെഎസ്‌യുവില്‍ അംഗമായ രാഹുല്‍ ആദ്യം ഐ ഗ്രൂപ്പിലായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ തര്‍ക്കങ്ങളുടെ പേരില്‍ എ ഗ്രൂപ്പിലെത്തി.
2011ല്‍ ഒറ്റദിവസത്തേക്കു കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നു തന്നെ മരവിപ്പിച്ചതിനാല്‍ ചുമതലയേല്‍ക്കാനായില്ല. ഈ ഘട്ടത്തിലാണു ഷാഫി പറമ്പിലുമായി അടുക്കുന്നത്. 2020ല്‍ ഷാഫിയുടെ കമ്മിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പിന്നാലെ സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം. ചാനല്‍ ചര്‍ച്ചകളിലൂടെയാണു രാഹുല്‍ സുപരിചിതനായത്. ഇത്തരം ചര്‍ച്ചകളില്‍ പതിവുള്ള ബഹളത്തിനു നില്‍ക്കാതെ, മികവോടെ കാര്യങ്ങളവതരിപ്പിക്കുന്ന രാഹുലിന്റെ വാക്ചാതുരിക്ക് ആരാധകരെ ലഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കു കഴിയാത്തിടത്തു പറഞ്ഞു ജയിക്കാന്‍ രാഹുലിനു കഴിഞ്ഞതോടെ അവര്‍ക്കും അംഗീകരിക്കേണ്ടിവന്നു.
ബിജെപിയിലെത്തിയതിന്റെ പേരില്‍ പത്മജ വേണുഗോപാലിനെ രാഷ്ട്രീയ പിതൃത്വം പരാമര്‍ശിച്ചു പരിഹസിച്ചതു വിവാദമായി. യൂത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങണമെന്ന് ഉപദേശിച്ച പി.ജെ. കുര്യനെതിരെയുള്ള പരാമര്‍ശവും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ വിലക്കു മറികടന്നു പി.വി. അന്‍വറിന്റെ വീട്ടിലേക്ക് അര്‍ധരാത്രിയില്‍ അനുരഞ്ജനവുമായെത്തിയതും ചര്‍ച്ചകളില്‍ വന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ വ്യാജ വോട്ടു ചേര്‍ത്തു ജയിച്ചെന്ന പ്രചാരണവും അന്വേഷണവുമുണ്ടായി. കേസ് ആവിയായതോടെ വീണ്ടും കരുത്തനായി. ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പകരക്കാരന്‍ എന്ന നിലയ്ക്കു ഷാഫി തന്നെ രാഹുലിനെ ഉയര്‍ത്തിക്കാട്ടി.
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഒരിടത്തും ഔദ്യോഗിക പരാതിയില്ല. ഇരകളാക്കപ്പെട്ടവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. ഇതു ചൂണ്ടിക്കാട്ടിയാണു താന്‍ നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ രാഹുലിനെ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ സജീവമായിരുന്നെങ്കിലും ദുരനുഭവമുണ്ടായെന്ന് യുവനടി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തലാണ് അദ്ദേഹത്തിനു മേല്‍ കുരുക്കുമുറുക്കിയത്. രാഹുലിന്റെ പേരു പറയാതെയായിരുന്നു റിനിയുടെ ആരോപണം. പിന്നാലെ, മറ്റൊരു യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. രാഹുല്‍ തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന രണ്ടാമത്തെ ശബ്ദസന്ദേശം ശനിയാഴ്ച ഉച്ചയ്ക്കു വന്നതിനു പിന്നാലെ രാഹുലിനെതിരെ കര്‍ശന നടപടി വേണമെന്നും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ മുറവിളി ഉയര്‍ന്നു.
രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയ രാഹുല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിച്ചെന്നു കാട്ടി എറണാകുളം സ്വദേശി ഷിന്റോ സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയാണു കമ്മിഷന്‍ ഡിജിപിക്കു കൈമാറിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷനിലെ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.
പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്‌തെന്ന വിവരം ലഭിച്ചതിനു പിന്നാലെ മുണ്ടപ്പള്ളിയിലെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. മാധ്യമങ്ങളെ കാണുമെന്നു 2 തവണ പറഞ്ഞെങ്കിലും പിന്നീടത് ഒഴിവാക്കി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നു കരുതുന്നു. ഇന്നലെ ഉച്ചയ്ക്കു 12നു കാണുമെന്നാണു ആദ്യം പറഞ്ഞിരുന്നത്. പിന്നാലെ അതു 3.30ലേക്കു മാറ്റി. എന്നാല്‍ 4നു വീടിനു പുറത്തേക്കു വന്ന രാഹുല്‍, കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം അകത്തേക്കു പോയി. കഴിഞ്ഞ ദിവസങ്ങളെക്കാള്‍ ഒട്ടേറെ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ കാണാന്‍ എത്തി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതിനെക്കാള്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പില്‍. 'ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്. അത് കേരളത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവിനും ബാധകമാണ്. ഈ വിഷയത്തിലെ നിലപാടു കൃത്യമായി അദ്ദേഹം വിശദീകരിച്ചതാണ്. അതില്‍ കൂടുതലായി ഒന്നും പറയേണ്ടതില്ല' ഷാഫി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ട് താമസിക്കുന്ന ഫ്‌ലാറ്റ്, ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട് എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.
2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസും മാധ്യമങ്ങളും തയാറാകണം. ഇതേക്കുറിച്ച് വ്യക്തിപരമായി കൂടുതല്‍ അന്വേഷിക്കുന്നതായും പ്രശാന്ത് ശിവന്‍ പറഞ്ഞു. ട്രാന്‍സ് വനിത അവന്തിക ഉന്നയിച്ച ആരോപണങ്ങള്‍ ചെറുക്കാന്‍ അവരുടേതെന്നു പറഞ്ഞ് രാഹുല്‍ അവതരിപ്പിച്ച സന്ദേശത്തെക്കുറിച്ചും അന്വേഷിക്കണം.
അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നില്‍ താനാണെന്ന ചിലരുടെ പ്രചാരണം അടിസ്ഥാനരഹിതമാണ്. രാഹുല്‍ എംഎല്‍എയില്‍ നിന്ന് വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അവന്തിക 21ന് ഉച്ചയ്ക്ക് സന്ദേശത്തിലൂടെ അറിയിച്ചപ്പോള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കി. കോണ്‍ഗ്രസിനു വേണ്ടാത്തവരെ തള്ളാനുള്ള സ്ഥലമല്ല പാലക്കാടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും വരെ ബിജെപി ശക്തമായ സമരം തുടരുമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കൊപ്പം രാഹുല്‍ മാങ്കൂട്ടം നില്‍ക്കുന്ന ചിത്രം ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരെക്കൂടി ആരോപണം എന്ന വാചകങ്ങളോടെയാണ് ചിത്രം പങ്കുവച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമാണ് ആരോപണവിധേയനെന്നും ചിത്രത്തിലുണ്ട്.
രാഹുലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിന്റെ 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാംപെയ്ന്‍ സംബന്ധിച്ച് പരാമര്‍ശിച്ചതും ചര്‍ച്ച ദേശീയതലത്തില്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ടാണ്. 2022ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഉന്നമിട്ട് പ്രിയങ്ക ഗാന്ധി നയിച്ച സ്ത്രീ ശാക്തീകരണ ക്യാംപെയ്‌നായിരുന്നു ഇത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഇന്നലെ വൈകിട്ട് 3 മണി വരെ പറഞ്ഞ നേതാക്കന്മാര്‍ പിന്നീട് നിശബ്ദരായത് ആരുടെ ഫോണ്‍ കോള്‍ വന്നതിനുശേഷമാണെന്നു വ്യക്തമാക്കണമെന്നു ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എന്തുകൊണ്ടാണ് നിലപാടില്‍ നിന്നു നേതാക്കള്‍ പിന്നോട്ട് പോയത്. ഇപ്പോള്‍ ആറുമാസത്തേക്കുള്ള സസ്‌പെന്‍ഷന്‍ മാത്രമാണ്. അതിനുശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കൂടിപ്പോയാല്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ കൂടി വയ്ക്കും.
പല അന്വേഷണ റിപ്പോര്‍ട്ടുകളും കെപിസിസി ഓഫിസിലും മാലിന്യക്കുട്ടയിലുമായി കിടക്കുന്നുണ്ട്. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി ഒന്നര വര്‍ഷം മുന്‍പ് വി.ഡി.സതീശനോട് നേരിട്ട് ദുരനുഭവം പറഞ്ഞു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്താണ് സതീശന്‍ സ്വീകരിച്ച നടപടി എന്ന് വ്യക്തമാക്കണം. നിയമ നടപടികളുമായി പോയിട്ടുണ്ടോയെന്നും കെപിസിസിയിലോ എഐസിസിയിലോ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. നടപടിയെടുത്തു എന്ന് പറയുമ്പോള്‍ അതേ രീതിയില്‍ എല്ലാവരും വിഴുങ്ങും എന്നാണ് വിചാരമെന്നും പത്മജ പറഞ്ഞു.
ഇത്രയും വാര്‍ത്തകളും വിവാദങ്ങളും ഉണ്ടായിട്ടും രാഹുല്‍ അനങ്ങാത്തത് അദ്ദേഹത്തിന്റെ കയ്യില്‍ പലതും ഉള്ളതുകൊണ്ടാണ്. അതൊക്കെ പുറത്തുവന്നാല്‍ പലരുടെയും തല പോകും. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടിയാണ് പല നേതാക്കന്മാരും ഇപ്പോള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നത്. രാഹുല്‍ എംഎല്‍എയായി തുടര്‍ന്നാല്‍ ആ ഓഫിസിലേക്ക് സ്ത്രീകള്‍ എങ്ങനെ ധൈര്യത്തോടെ കയറി ചെല്ലും. മാധ്യമങ്ങള്‍ എത്ര എഴുതിയാലും രാഹുലിന് ഒന്നും സംഭവിക്കില്ല. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആളുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല.
രാഹുലിനെതിരെ പ്രതികരിച്ച ഉമ തോമസിനെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. ഇതിന്റെ എല്ലാം പിന്നില്‍ രാഹുലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിലുള്ള ആളുകളാണ്. രാജിവയ്ക്കാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി രാഹുലിനെ വിശുദ്ധനാക്കി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. പരാതി പറഞ്ഞ പെണ്‍കുട്ടികള്‍ മോശക്കാരാകും. അതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായി കോണ്‍ഗ്രസ് മാറി. നേതാക്കന്മാരെ നിശബ്ദരാക്കിയ രാഹുലിന്റെ കൈയിലെ ആയുധം എന്താണെന്ന് കാലം തെളിയിക്കും.
ഇപ്പോള്‍ സംഭവിച്ചത് ചെറിയ തുടക്കം മാത്രമാണ്. ഇനിയും പല വിവരങ്ങളും പുറത്തുവരാന്‍ ഉണ്ട്. പലരും വീഴും. തനിക്കും പല കാര്യങ്ങളും അറിയാം. പരാതി ലഭിച്ചിട്ടില്ല എന്നതുള്‍പ്പെടെ നേതാക്കന്മാര്‍ പറയുന്നത് കള്ളമാണ്. രാഹുലിനെ ഭയക്കുന്നവര്‍ കേരളം മുതല്‍ അങ്ങ് ഡല്‍ഹിവരെ ഉണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























