പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ

വെളുപ്പാൻ കാലത്തെ തണുപ്പ് ഇല്ലാതാക്കി അർജന്റീന മത്സരം. അടിയും തിരിച്ചടിയുമായി പോരാട്ടം കടുക്കുന്ന മത്സരത്തിൽ കാബോ വെർദെയ്‌ക്കെതിരെ അർജന്റീനയ്ക്ക് വീണ്ടും ലീഡ്. 29 ാം മിനിറ്റിലാണ് ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചത്. 59 ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് ഗോൾ നേടിയത്. പിന്നാലെ 103 ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 111 ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തിൽ നിഷ്ഫലമായി.
29 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ സാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസ്സി പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു (1–0). ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി. 14 ാം മിനിറ്റിൽ പോസ്റ്റിനു മുന്നിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്കു പോയിരുന്നു.
59 ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് പന്തുമായി മുന്നേറി പെനാൽറ്റി ബോക്സിനുള്ളിൽ കാബോ വെർദെ മിഡ് ഫീൽഡർ ഡെറോയ് ഡ്യുവേർട്ടിന് റയാബ് മെൻഡസിന്റെ ക്ലിനിക്കൽ പാസ്. പോസ്റ്റിന്റെ കോണിൽ നിന്ന് മികച്ചൊരു ടച്ചിലൂടെ പന്ത് മെരുക്കിയ ഡെറോയ് ഡ്യുവേർട്ടിന്റെ ഷോട്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (1–1).
73 ാം മിനിറ്റിൽ മെസ്സിയെ ഡെറോയ് ഡ്യുവേർട്ട് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് ഫ്രീ കിക്ക്. മെസ്സി ഗോൾവല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പ്രതിരോധമതിൽ തീർത്ത വൊസീഞ്ഞ ഡൈവ് ചെയ്ത് കൈ കൊണ്ട് തട്ടിയകറ്റി. ഏക്ട്രാ ടൈമിലെ 92 ാം മിനിറ്റിൽ ലഭിച്ച കോർണറിൽ മെസ്സിയുടെ ഔട്ട്‌സ്വിംഗർ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റർ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. സ്വതന്ത്രനായി നിന്ന ലിസാൻഡ്രോ മാർട്ടിനെസ്, വലതുഭാഗത്ത് നിന്ന് വൊസീഞ്ഞയെ കബളിപ്പിച്ച് ഗോൾ വല കുലുക്കി (2-1).
അതേസമയം ലോകകപ്പ് ഫുട്ബോളിൽ ചരിത്രം രചിക്കുന്നത് തുടർന്ന് മുഹമ്മദ് സലായും സംഘവും. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിൽ കടന്നത്. നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് 2026 എഡിഷനിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ആദ്യ ലോകകപ്പ് വിജയം നേടിയത്. തൊട്ടുപിന്നാലെ നോക്കൗട്ടിൽ കടന്നും, ഇപ്പോൾ പ്രീക്വാർട്ടറിലേക്കു മാർച്ച് ചെയ്തും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഈജിപ്ത് തോറ്റിരുന്നു. ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ പോലും ടീമിനു സാധിച്ചിരുന്നില്ല.
അതേസമയം ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യയുടെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. എഎഫ്സിയുടെ ഭാഗമായ ടീമുകളിൽ ജപ്പാനും ഓസ്ട്രേലിയയും മാത്രമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. നോക്കൗട്ടിൽ ബ്രസീലിനോടു തോറ്റ് ജപ്പാൻ പുറത്തായിരുന്നു. ഏഷ്യയിൽനിന്നുള്ള ദക്ഷിണകൊറിയ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചിരുന്നില്ല. ഡാലസിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ഓസ്ട്രേലിയയും ഈജിപ്തും സമനില പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് ഈജിപ്ത് വിജയിച്ചത്. ഈജിപ്തിനായി കിക്കെടുത്ത മഹമൂദ് സാബർ, റാമി റബിയ, മുഹമ്മദ് സലാ, ഹുസാം അബ്ദെൽമഗുദ് എന്നിവർ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയൻ താരങ്ങളായ ഹാരി സൗട്ടറിന്റെയും ലുകാസ് ഹെറിങ്ടനിന്റെയും ഷോട്ടുകൾ പുറത്തേക്കു പോയതാണ് സോക്കറൂസിനു തിരിച്ചടിയായത്. ജാക്സൻ ഇർവിൻ, അവെർ മബിൽ എന്നിവർ പന്തു വലയിലെത്തിച്ചു. നോക്കൗട്ടിൽ അർജന്റീനയോ, കബോ വെർദയോ ആയിരിക്കും ഈജിപ്തിന്റെ എതിരാളികൾ.
അഞ്ചാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം ക്രിസ്റ്റ്യൻ വോൽപാറ്റോയുടെ ഗോൾ ശ്രമത്തോടെയാണു മത്സരം ചൂടുപിടിക്കുന്നത്. ഈജിപ്തും വൈകാതെ ആക്രമണങ്ങൾ തുടങ്ങി. 13–ാം മിനിറ്റിൽ ഈജിപ്ത് ലീഡെടുത്തു. കരിം ഹാഫെസിന്റെ അസിസ്റ്റിൽ ഇമാം അഷൂറിന്റെ ഗോൾ. സെറ്റ് പീസിന്റെ തുടർച്ചയായി പന്തു ലഭിച്ച കരിം ഹാഫെസ്, ബോക്സിനു വെളിയിൽനിന്നു ഗോൾ ഏരിയയിലേക്കു പന്ത് ഉയർത്തി നൽകുകയായിരുന്നു. തകർപ്പനൊരു ഹെഡറിലൂടെ ഇമാം അഷൂർ ഓസ്ട്രേലിയൻ ഗോളിയെ മറികടന്നു പന്തു വലയിലെത്തിച്ചു. ഈജിപ്ത് മുന്നിലെത്തിയതോടെ ഗോൾ മടക്കാനുള്ള ശ്രമങ്ങൾ ഓസ്ട്രേലിയ ആരംഭിച്ചു. 15–ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിന് ഇടതു വശത്തുനിന്ന് സോക്കറൂസ് താരം എയ്ഡൻ ഒനെയ്ൽ എടുത്ത ഷോട്ട് പുറത്തേക്കാണു പോയത്. 16–ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം ഒമർ മർമൗഷിന്റെ ഷോട്ട് ഹാരി സൗട്ടർ പ്രതിരോധിച്ചു. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ 35–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം അസിസ് ബെഹിച്ച് എടുത്ത ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. പെനാൽറ്റി ഏരിയയ്ക്കകത്തുനിന്ന് ബെഹിച്ചിന്റെ ഗോൾ ശ്രമം ഈജിപ്ത് ഗോൾ കീപ്പർ മുസ്തഫ ഷൗബിറിനെ മറികടക്കാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഓസ്ട്രേലിയൻ താരം നെസ്റ്റോറി ഇറാകുൻഡയുടെ ഹെഡറും ഈജിപ്ഷ്യൻ ഗോൾ കീപ്പർ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ 45 ശതമാനം പന്തടക്കവുമായി കളിച്ച ഓസീസ് ആറ് ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. പക്ഷേ ഓൺ ടാർഗറ്റായത് ഒരു ഷോട്ട് മാത്രം. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ ആദ്യ പകുതിയിൽ ഈജിപ്ത് പിന്നിൽ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഓസ്ട്രേലിയയെ വിറപ്പിച്ചുകൊണ്ടാണ് ഈജിപ്ത് തുടങ്ങിയത്. 46–ാം മിനിറ്റിൽ ഗോളടിക്കാൻ ലഭിച്ച സുവർണാവസരം ചെറിയ വ്യത്യാസത്തിനാണ് ഒമർ മർമൗഷിനു നഷ്ടമായത്. 55–ാം മിനിറ്റിൽ ഓസ്ട്രേലിയ മത്സരത്തിലെ സമനില പിടിച്ചു. ഓസ്ട്രേലിയയുടെ സെറ്റ് പീസിൽനിന്ന് പന്ത് പ്രതിരോധിക്കാനുള്ള ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹനിയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരം ഒനെയ്‍ലിന്റെ ഫ്രീകിക്കിൽ ഉയർന്നുചാടിയ ഹനിയുടെ ഹെഡർ ഗതിമാറി വലയിലെത്തി. ഓസ്ട്രേലിയ 1, ഈജിപ്ത് 1. ഡാലസിൽ രണ്ടാം പകുതിയിൽ ഈജിപ്തിനേക്കാൾ കൂടുതൽ ആക്രമണ സ്വഭാവം കാണിച്ചത് ഓസ്ട്രേലിയയായിരുന്നു. പക്ഷേ രണ്ടാം ഗോൾ അകന്നുനിന്നു. 73–ാം മിനിറ്റിൽ ഈജിപ്ത് താരം ഇമാം അഷൗർ ബോക്സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് പുറത്തേക്കു പോയി. മത്സരം 80 മിനിറ്റു പിന്നിട്ടതോടെ രണ്ടാം ഗോൾ നേടാൻ ഈജിപ്തും ഓസ്ട്രേലിയയും പരമാവധി പൊരുതി നോക്കി. 88–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം അഡിൻ ഹ്രുസ്റ്റിക്കിന്റെ കോർണർ കിക്കിൽ ഗോൾ നേടാനുള്ള കയ് ട്രെവിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. അഞ്ചു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ മുഹമ്മദ് സലായുടെ കോർണറിൽനിന്ന് ഗോൾ നേടാനുള്ള ഈജിപ്തിന്റെ ശ്രമം ഓസ്ട്രേലിയ പ്രതിരോധിച്ചു, എന്നാൽ വീണ്ടും പന്തു പിടിച്ചെടുത്ത റാമി റബിയ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ പാട്രിക് ബീച്ച് പ്രതിരോധിച്ചു. തുടർന്ന് മുഹമ്മദ് സലായും മറാവൻ അറ്റിയയും ഹയ്സം ഹസനും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഓസീസ് പിടിച്ചുനിന്നു. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
ലോകകപ്പിൽ മൂന്നാം തവണ മാത്രം നോക്കൗട്ട് കളിക്കുന്ന ഓസ്ട്രേലിയ, ആദ്യമായാണ് ഒരു മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കുന്നത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയ മിഡ്ഫീൽഡിൽ രണ്ടു മാറ്റങ്ങൾ വരുത്തി. കോണർ മെറ്റ്കാഫിനെയും എയ്ഡൻ ഒനെയ്‍ലിനെയും പിൻവലിച്ച് അവെർ മബിലും പോൾ ഒകോൻ എങ്സ്റ്റ്‍ലറും കളിക്കാനിറങ്ങി. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ ഓസ്ട്രേലിയൻ പെനാൽറ്റി ഏരിയയുടെ വലതു ഭാഗത്തുനിന്നും മുഹമ്മദ് സലാ എടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കുപോയി. 108–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് മറാവൻ അറ്റിയ എടുത്ത ലോ ഷോട്ട് ഓസ്ട്രേലിയൻ ഗോൾ കീപ്പർ കൈപ്പിടിയിലാക്കി. 112–ാം മിനിറ്റിൽ ഇമാം അഷൗറിന്റെ ഗോൾ ശ്രമം ഓസ്ട്രേലിയൻ പ്രതിരോധ താരത്തിൽ തട്ടി പുറത്തേക്കുപോയി. പിന്നാലെ ലഭിച്ച കോർണറിൽ മുഹമ്മദ് സലാ കിക്കെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഈജിപ്ത് താരങ്ങൾക്കു കഴിഞ്ഞില്ല. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി പരമാവധി പൊരുതുന്ന ഈജിപ്തിനെയാണ് ഗ്രൗണ്ടിൽ കണ്ടത്. 117–ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹനിയുടെ ഫൗളിൽ ഓസ്ട്രേലിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. എന്നാൽ അവെർ മബിലിന്റെ കിക്ക് ഈജിപ്ത് പ്രതിരോധിച്ചു. എക്സ്ട്രാ ടൈമിൽ പെനാൽറ്റി ഷൂട്ടൗട്ട് മുന്നിൽ കണ്ട് ഗോളി പാട്രിക് ബീച്ചിനെ പിൻവലിച്ച ഓസ്ട്രേലിയ മാത്യു റയാനെ പകരക്കാരനാക്കി. 120–ാം മിനിറ്റിൽ ഈജിപ്ത് താരം യാസർ ഇബ്രാഹിമിന്റെ ഫൗളിൽ വീണ്ടും ഓസ്ട്രേലിയയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. എന്നാൽ ഈ അവസരവും ഉപയോഗിക്കാൻ സോക്കറൂസിന് സാധിച്ചില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു.
പിന്നിൽനിന്ന് തിരിച്ചടിച്ച് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ 2–1നാണ് പോർച്ചുഗൽ കീഴടക്കിയത്. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ (68, പെനൽറ്റി), ഗോൺസാലോ റാമോസ് (90+4) എന്നിവരിലൂടെ പോർച്ചുഗൽ മറുപടി നൽകുകയായിരുന്നു. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു.
മൂന്നാം മിനിറ്റിൽ ക്രൊയേഷ്യ താരം അന്റെ ബുദിമിറിന്റെ മുന്നേറ്റത്തോടെയാണു മത്സരത്തിനു ചൂടുപിടിച്ചത്. പിന്നാലെ പോർച്ചുഗൽ താരം ബ്രുണോ ഫെർണാണ്ടസിന്റെ ഗോൾ നീക്കം ക്രൊയേഷ്യ ഗോൾ കീപ്പർ തട്ടിയകറ്റി. നാലാം മിനിറ്റിൽ വിറ്റിഞ്ഞയും 13–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഗോളെന്നുറപ്പിച്ച നീക്കങ്ങൾ പോർച്ചുഗലിൽനിന്നുണ്ടായില്ലെങ്കിലും പന്തിലെ നിയന്ത്രണം വ്യക്തമായിരുന്നു. എന്നാൽ മനോഹരമായ പാസിങ് കോംബിനേഷനുകളിലൂടെയാണ് ക്രൊയേഷ്യ ഇതിനു മറുപടി നൽകിയത്. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ, പോർച്ചുഗൽ താരം ജോവോ കാൻസലോ നൽകിയ ക്രോസ്, മുന്നേറ്റ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കണക്ട് ചെയ്യാൻ സാധിക്കാതെ പോയി. 34–ാം മിനിറ്റിൽ റഫേൽ ലിയാവോയുടെ കോർണറിൽ പോർച്ചുഗൽ താരം നുനോ മെൻഡസിന്റെ ഗോൾ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 40–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കോർണറിലൂടെ ക്രൊയേഷ്യ ബോക്സിൽ പന്തെത്തിച്ചെങ്കിലും കണക്ട് ചെയ്യാൻ ആർക്കും സാധിച്ചില്ല. ആദ്യ പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബുദിമിറിനെ പിൻവലിച്ച ക്രൊയേഷ്യ, പകരക്കാരനായി ഇഗോർ മതനോവിച്ചിനെ കളത്തിലിറക്കി. 48–ാം മിനിറ്റിൽ ക്രൊയേഷ്യ താരം മതിയോ കൊവാച്ചിച്ചിന്റെ ഷോട്ട് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റ രക്ഷപെടുത്തി. 49–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ കോർണറിൽനിന്നുവന്ന നികോള വ്ലാസിച്ചിന്റെ ഗോൾ നീക്കവും പോർച്ചുഗൽ ഗോളി പ്രതിരോധിച്ചു. രണ്ടാം പകുതിയുടെ അഞ്ചു മിനിറ്റുകൾക്കുള്ളിൽ രണ്ട് അവസരങ്ങൾ സൃഷ്ടിച്ച ക്രൊയേഷ്യ കളി എങ്ങോട്ടാണു പോകുന്നതെന്ന വ്യക്തമായ സൂചനകൾ പോർച്ചുഗലിനു നൽകിയിരുന്നു. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ ആദ്യ ലീഡെടുത്തു. പെനൽറ്റി ഏരിയയ്ക്കു പുറത്ത് വലതു മൂലയിൽനിന്ന് ജോസിപ് സ്റ്റാനിസിച് ക്രോസ് ചെയ്തു നൽകിയ പന്ത്, വലയിലേക്കു തട്ടിയിട്ട് ഇവാൻ പെരിസിച്ചിന്റെ ഗോളാഘോഷം. 56–ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കായി നിക്കോള വ്ലാസിച് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 58–ാം മിനിറ്റിൽ പോർച്ചുഗൽ താരം റഫേൽ ലിയോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ വല കുലുക്കിയപ്പോഴും ഓഫ് സൈഡിൽ കുരുങ്ങി.
62–ാം മിനിറ്റിൽ പോർച്ചുഗൽ നാലു മാറ്റങ്ങൾ ടീമിൽ കൊണ്ടുവന്നു. ഗോൺസാലോ റാമോസ്, ബെർനാഡോ സിൽവ, നെൽസൺ സെമഡോ, ഫ്രാൻസിസ്കോ കോൺസികാവോ എന്നിവർ കളത്തിലെത്തി. കോർണറിനിടെ പോർച്ചുഗൽ പ്രതിരോധ താരത്തെ ക്രൊയേഷ്യയുടെ വ്ലാസിച്ച് വീഴ്ത്തിയതിന് വാർ പരിശോധനകൾക്കു ശേഷമാണ് റഫറി പെനൽറ്റി അനുവദിച്ചത്. ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. സ്കോർ 1–1. 75–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് തകർപ്പനൊരു സേവിലൂടെ പോർച്ചുഗൽ ഗോളി മറികടന്നു. 81–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ച പോർച്ചുഗൽ പകരക്കാരനായി റൂബൻ നെവസിനെ ഇറക്കി.
മത്സരത്തിന്റെ 87–ാം മിനിറ്റിൽ പോർച്ചുഗൽ താരം നുനോ മെൻഡസിന്റെ കോർണറിൽ തല വച്ച് പോർച്ചുഗലിനെ മുന്നിലെത്തിക്കാനുള്ള റെനാറ്റോ വെയ്ഗയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിക്ക് 10 മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. 90+4–ാം മിനിറ്റിൽ പോർച്ചുഗൽ താരം ഗോൺസാലോ റാമോസ് ടീമിന്റെ രണ്ടാം ഗോൾ നേടി. റാഫേൽ ലിയാവോ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത്, റാമോസ് തല കൊണ്ട് പോസ്റ്റിലേക്കു തട്ടിയിടുകയായിരുന്നു. പോർച്ചുഗൽ മുന്നിൽ. 90+13–ാം മിനിറ്റിൽ ക്രൊയേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും, വാർ പരിശോധനകൾക്കു ശേഷം മരിയോ പസാലിച്ചിനെതിരെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ പോർച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ആഘോഷം. ക്രൊയേഷ്യയ്ക്കും ലൂക്ക മോഡ്രിച്ചിനും നിരാശയോടെ മടക്കം.
"
https://www.facebook.com/Malayalivartha

























