സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡില്‍ പഞ്ചം ഹൈറ്റ്‌സിന് സമീപം ഹരികപൂര്‍ സൊസൈറ്റിയില്‍ 108 ല്‍ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തിയിലെ വൈദികനെ സിബിഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റിന് വിധേയനാക്കുകയായിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറയുകയും അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി ധരിപ്പിക്കുകയും ചെയ്തു. വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും തട്ടിപ്പ് സംഘം വൈദികനെ കുടുക്കി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 11 ലക്ഷം രൂപ കൈമാറ്റം ചെയ്തു.
പിന്നീട് വീണ്ടും തട്ടിപ്പ് സംഘം വൈദികനെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈദികന്‍ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രുപീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന്റെ മേല്‍നോട്ടത്തില്‍ കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ.എ അനീഷ് , അജീഷ് പി , സുമന്‍ ടി മണി എന്നിവര്‍ ഗുജറാത്തിലേക്ക് തിരിച്ചു.
ഗുജറാത്ത് വഡോദരയിലെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികന്റെ പണം എത്തിയിരുന്നത്. തുടര്‍ന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 11 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ഗുജറാത്തില്‍ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിങ്ങാണ് പണം പിന്‍വലിച്ചത്. രണ്ട് ചെക്കുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നേരിട്ട് എത്തി ഇയാള്‍ പണം പിന്‍വലിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തില്‍ എത്തിക്കും.
https://www.facebook.com/Malayalivartha