ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് തുടരുകയാണ്. 18 പേര്‍ക്ക് പരിക്കേറ്റു. കത്ര ടൗണില്‍ നിന്ന് മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ പാതയുടെ ഏകദേശം പകുതി ദൂരത്തുള്ള ഒരു സംരക്ഷണ ഷെഡ്ഡിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പാറകളും കല്ലുകളും വന്‍ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ക്ഷേത്രത്തിലേക്കുള്ള പാതയിലെ അദ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപമാണ് അപകടം നടന്നത്. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഈ സമയം പാതയില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് തീര്‍ത്ഥാടകര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങി. നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണ് എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.
മഴ തുടരുന്നതും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ കുറഞ്ഞത് അഞ്ച് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലുപേര്‍ വീതം പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും, മൂന്നുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ളവരാണ്.
ഒരു വലിയ ശബ്ദം കേട്ടെന്നും നിമിഷങ്ങള്‍ക്കകം എല്ലാം സംഭവിച്ചുവെന്നും ഒരു ദൃക്‌സാക്ഷി പറയുന്നു. 'മുകളില്‍ നിന്നുള്ള ഒരു വലിയ ഇടിമുഴക്കം പോലെയോ ബോംബ് സ്‌ഫോടനം പോലെയോ ആയിരുന്നു അത്. ഷെഡ്ഡുകള്‍ ഒറ്റയടിക്ക് തകര്‍ന്നു. ആദ്യം മുകളിലത്തെ ഷെഡ് വീണു, പിന്നെ മൂന്നോ നാലോ സെക്കന്‍ഡിന്റെ ഇടവേളയില്‍ രണ്ടാമത്തേതും,' രമേഷ് സിംഗ് എന്നയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha