മൂന്നു ദിവസത്തെ തെരച്ചിലിനൊടുവില്‍.... കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍...

വെളിയമ്പ്ര ഏളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇര്‍ഫാന(19)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് ഏളന്നൂരില്‍ കുളിക്കാനിറങ്ങിയ ഇര്‍ഫാന ഒഴുക്കില്‍പ്പെട്ടത്.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മൂന്നുദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. പറശ്ശിനിക്കടവ് ഫ്ളോട്ടിങ് റസ്റ്ററന്റിന് സമീപത്തായി പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇര്‍ഫാനയുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ഇര്‍ഫാന. ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടുപോയത്. ശനിയാഴ്ച ഇര്‍ഫാന ഒഴുക്കില്‍പ്പെടുമ്പോള്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന നിലയിലായിരുന്നു. പിന്നീട് തിരച്ചിലിനായി രണ്ടുദിവസം ഷട്ടറുകള്‍ അടച്ചിട്ടിരുന്നു. റിസര്‍വോയറിന്റെ സമീപപ്രദേശങ്ങളില്‍ വെള്ളമുയര്‍ന്നതോടെ ഞായറാഴ്ച വൈകുന്നേരം ഷട്ടറുകള്‍ തുറന്നു.
അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ് സംഘവും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
കുറ്റ്യാടി വളയം നരിക്കോട്ടുംചാലില്‍ കണ്ടോത്ത് വീട്ടില്‍ ഖലീല്‍ റഹ്മാന്റെയും സമീറയുടെയും ഏക മകളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഏളന്നൂരിലെത്തിച്ചു. തുടര്‍ന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha