പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ

പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്. എന്നാൽ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടർന്ന് മാല കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തിൽ സോഫയ്ക്ക് അടിയിൽ നിന്ന് മാല കണ്ടെത്തുകയും ചെയ്തു. എന്നാൽ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ ചവറുകൂനയിൽ നിന്ന് മാല കണ്ടെത്തിയതായി പൊലീസ് കള്ളക്കഥ മെനയുകയായിരുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൌസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും, രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് മാല മോഷണം പോയതായി കാട്ടി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12വരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha